സാമ്പത്തിക തർക്കം ഒരാൾ കുത്തേറ്റ് മരിച്ചു,​ അയൽവാസി പിടിയിൽ

Monday 28 April 2025 1:53 AM IST

പാലാ: സാമ്പത്തിക തർ‌ക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ ചായക്കടയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. വള്ളിച്ചിറയിലെ വ്യാപാരിയായ വലിയ കാലായിൽ വി.ജെയ ബേബിയാണ് (65) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആരംകുഴക്കൽ എ.എൽ. ഫിലിപ്പോസ് (65) അറസ്റ്റിലായി. ഇരുവരും സഹപാഠികളാണ്.

ഇന്നലെ രാവിലെ ആറിന് വള്ളിച്ചിറ ചെറുകരയിലെ ഹോട്ടലിലായിരുന്നു സംഭവം. ഫിലിപ്പോസിന്റെ ഹോട്ടൽ ആറുമാസമായി മറ്റൊരാൾക്ക് ദിവസവാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും. പള്ളിയിലേക്ക് പോകും വഴിയാണ് ബേബി ഹോട്ടലിൽ കയറിയത്.

ഫിലിപ്പോസിന്റെ ജാമ്യത്തിൽ ബേബി സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ തവണ മുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് ഫിലിപ്പോസിന് ചിട്ടി ലഭിച്ച തുക പിൻവലിക്കാൻ സാധിച്ചില്ല. ഇതേച്ചൊല്ലി ശനിയാഴ്ച വൈകിട്ട് ബേബിയുടെ പലചരക്ക് കടയിൽ ഇരുവരും തമ്മിൽ കൈയ്യേറ്റം നടന്നിരുന്നു. ഇന്നലെ രാവിലെ ബേബി ചായക്കടയിൽ എത്തിയപ്പോൾ ഫിലിപ്പോസുമെത്തി. വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങി. ഇതിനിടെ നെഞ്ചിൽ കുത്തേറ്റ ബേബി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഓടി രക്ഷപ്പെട്ട ഫിലിപ്പോസ് പിന്നീട് പൊലീസിൽ കീഴടങ്ങി. ബേബിയുടെ ഭാര്യ:മേരിക്കുട്ടി പാളയം ചന്ദ്രത്തിൽ കുടുംബാഗം. മക്കൾ: ടോജിൻ, ടെസിൽ മരുമകൻ: ജോജി പുന്നത്താനത്ത് (വള്ളിച്ചിറ). സംസ്‌കാരം ഇന്ന് 11ന് വള്ളിച്ചിറ പൈങ്ങളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.