മിഥുന് വീട്ടുവളപ്പിൽ അന്ത്യവിശ്രമം, ചിതയ്ക്ക് തീകൊളുത്തിയത് കുഞ്ഞനുജൻ
കൊല്ലം: ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്‌സ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് വിട നൽകി നാട്. മിഥുന് അന്തിമോപചാരം നൽകാൻ അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും അടക്കം ആയിരങ്ങൾ വിളന്തറ മനുഭവനിൽ എത്തിയിരുന്നു. മനുവിന്റെയും സുജയുടെയും മൂത്തമകനാണ് മിഥുൻ. അമ്മയും അച്ഛനും അനുജൻ സുജിനും അന്ത്യചുംബനം നൽകി. വൈകിട്ട് നാലരയോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. കുഞ്ഞനുജൻ സുജിനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ മിഥുന്റെ അമ്മ സുജ ഇന്നുരാവിലെയാണ് വീട്ടിലെത്തിയത്. കുവൈത്തിൽ നിന്നും ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സുജയെ കാത്ത് ഇളയ മകനും ഭർത്താവ് മനുവും വിമാനത്താവളത്തിലുണ്ടായിരുന്നു. അവിടെ നിന്ന് കൊല്ലത്തെ വീട്ടിലേയ്ക്ക് വരികയായിരുന്നു.
സ്‌കൂളിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ മിഥുൻ ത്രീഫേസ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകരഷെഡിന് മുകളിൽ വീണു. ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴുതി ത്രീ ഫേസ് ലോ ടെൻഷൻ വൈദുതി ലൈനിലേയ്ക്ക് വീഴുകയായിരുന്നു.
സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.