സർക്കാർ ജീവനക്കാരുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ദുരൂപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ അനിൽ കുമാറടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പറുകൾ ശേഖരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്ന് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. ഹർജി നാളെ പരിഗണിക്കും.
മുഖ്യമന്ത്രിയടക്കമുള്ളവരെ എതിർകക്ഷി ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളമുള്ള ജീവനക്കാർക്ക് ക്ഷേമപ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശമെത്തിയിരുന്നു. ഡി എ പത്ത് ശതമാനം അനുവദിച്ച് ഉത്തരവിറങ്ങിയതിനുപിന്നാലെയാണ് ജീവനക്കാരുടെ വാട്സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം വന്നതെന്നായിരുന്നു വിവാദം. ജീവനക്കാരുടെ സ്വകാര്യ ഫോൺനമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പള സോഫ്റ്റ്‌വേറായ സ്പാർക്കിൽ നിന്നുള്ള ഡേറ്റാ ചോർത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷസർവീസ് സംഘടനകൾ കഴിഞ്ഞ ദിവസം ആരോപിച്ചു.
ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട്. വരുംനാളുകളിലും ഈ കരുതൽ തുടരുമെന്നുമായിരുന്നു സന്ദേശം.