നവകേരളം സങ്കല്പമല്ല, യാഥാർത്ഥ്യം: മുഖ്യമന്ത്രി
ആലപ്പുഴ: നവകേരളത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്നും ആ നവകേരളം വെറും സങ്കൽപ്പമല്ല, യാഥാർത്ഥ്യമാക്കുകയാണ് ഈ സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.നവകേരള സൃഷ്ടിക്ക് ഇനിയും ജനങ്ങളുടെ സഹായവും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്,പടഹാരം പാലം,കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാംഘട്ടം,514.28 കോടിയുടെ വിവിധ പൊതുമരാമത്ത് പദ്ധതികൾ എന്നിവ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാലം വികസനത്തിന് എതിരായിരുന്നു.അല്ലെങ്കിൽ വികസനത്തെ മുടക്കുന്ന കാലമെന്ന് പറയാം.അത് ഇനി ഇവിടെ സംഭവിക്കരുതെന്ന ദൃഢനിശ്ചയത്തിൽ ജനങ്ങളെത്തിയിരിക്കുന്നു.2016ന് മുമ്പ് ഇത്തരമൊരു പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സംസ്ഥാനമായിരുന്നു ഇത്.എന്നാൽ ഇന്ന് വ്യക്തമായ നയത്തിന്റെ ഭാഗമായും ആളുകളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായും മറ്റ് തടസങ്ങളൊന്നും ബാധിക്കാതെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മങ്കൊമ്പിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ സജി ചെറിയാൻ,റോഷി അഗസ്റ്റിൻ,എം.എൽ.എമാരായ തോമസ്.കെ.തോമസ്,പി.പി.ചിത്തരഞ്ജൻ,എച്ച്.സലാം,യു.പ്രതിഭ,എം.എസ്.അരുൺകുമാർ,ജോബ് മൈക്കിൾ,സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ എം.അഞ്ജന,ജില്ലാ കളക്ടർ അലക്‌സ് വർഗീസ്,എ.ഡി.എം ആശ.സി.എബ്രഹാം,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.