'വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗം, മോശമായാൽ ആളുകൾ കുറ്റപ്പെടുത്തും'
അഹമ്മദാബാദ്: ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയതിന്റെ ആനന്ദത്തിലാണ് രാജ്യം മുഴുവനും. ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീം, മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യം, സ്വന്തം മണ്ണിൽ ട്വന്റി-20 ലോകകപ്പ് ഉയർത്തുന്ന ആദ്യ ടീം എന്നിങ്ങനെയുള്ള ചരിത്ര നേട്ടങ്ങളാണ് സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്.
ഇപ്പോഴിതാ വിജയത്തിന് പിന്നാലെ തന്റെ 12 വർഷത്തെ പഴക്കമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൂര്യകുമാർ യാദവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. തന്റെ സുഹൃത്തിന്റെ പെട്രോൾ പമ്പ് ഉദ്ഘാടനത്തിന് നിൽക്കുന്ന പഴയ ചിത്രമാണ് സൂര്യ പങ്കുവച്ചത്.
'സുഹൃത്തിന്റെ പെട്രോൾ പമ്പ് ഉദ്ഘാടനം. അവനെ ഓർത്ത് സന്തോഷിക്കുന്നു' എന്നായിരുന്നു പഴയ ചിത്രത്തിന് സൂര്യ നൽകിയ അടിക്കുറിപ്പ്. രണ്ടാമത്തെ ചിത്രം ലോകകപ്പ് ട്രോഫിയുമായി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരിക്കുന്ന സൂര്യയാണ്. 'ഇന്ന് ഈ ചെക്കനെ ഓർത്ത് ഒത്തിരി സന്തോഷിക്കുന്നു' അദ്ദേഹം കുറിച്ചു. തന്റെ കഠിനാധ്വാനത്തിന്റെ നാൾവഴികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു പോസ്റ്റ്.
മത്സരശേഷം സംസാരിക്കവെ, 2024 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ എടുത്ത ചരിത്ര പ്രസിദ്ധമായ ക്യാച്ചിനെക്കുറിച്ചും സൂര്യകുമാർ മനസ് തുറന്നു.
'മികച്ച യാത്രായായിരുന്നു. വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്, അതിൽ നിന്ന് ഓടിയൊളിക്കാൻ പറ്റില്ല. നന്നായി കളിച്ചാൽ ആളുകൾ നല്ലത് പറയും, മോശമായാൽ അവർ കുറ്റപ്പെടുത്തും. അത് അത്രയേയുള്ളൂ, ആ സത്യം നമ്മൾ മനസിലാക്കണം. ഏതൊരു കായിക താരത്തിന്റെയും ജീവിതത്തിൽ ഇതൊക്കെ സ്വാഭാവികമാണ്. 2024 ലോകകപ്പിൽ ബാർബഡോസിലെ ആ വിജയ ഗാഥയിലെ ഫൈനലിൽ എടുത്ത ക്യാച്ച് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
ടൂർണമെന്റിലെ ഏറ്റവും നിർണായക നിമിഷമായിരുന്നു അത്. അതിനുശേഷം ഇന്ത്യയെ നയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. രണ്ടു വർഷത്തിന് ശേഷം ഇന്ത്യയിൽ ലോകകപ്പ് നടക്കാൻ പോകുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഇതുവരെ ഒരു ടീമും ഇന്ത്യയിൽ ലോകകപ്പ് ജയിച്ചിട്ടില്ല. ഇന്ത്യയിൽ ലോകകപ്പോ മറ്റേതെങ്കിലും ടൂർണമെന്റോ കളിക്കുമ്പോൾ കിട്ടുന്ന വൈബും ആവേശവും വേറെ തന്നെയാണ്.' സൂര്യകുമാർ പറഞ്ഞു.