ഹജ്ജ് തീർത്ഥാടനം: 2567 തീർത്ഥാടകർ പുറപ്പെട്ടു
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി എമ്പാർക്കേഷൻ പോയിന്റിൽനിന്ന് ഇതുവരെ 2567 തീർത്ഥാടകർ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടു. ഇന്നലെ മൂന്നു വിമാനങ്ങളിലായി 1278 വനിതാ തീർത്ഥാടകർ യാത്ര തിരിച്ചു. പുലർച്ചെ 2.45നുള്ള ഫ്ളൈനാസ് വിമാനത്തിൽ 425 വനിതാ തീർത്ഥാടകരും രാത്രി 7.30നുള്ള എക്സ് വൈ 8018 വിമാനത്തിൽ 428 പേരും രാത്രി 10.10നുള്ള എക്സ് വൈ വിമാനത്തിൽ 425 വനിതകളുമാണ് യാത്ര തിരിച്ചത്. ഏപ്രിൽ 30നാണ് 430 തീർത്ഥാടകരുമായി നെടുമ്പാശേരിയിൽ നിന്ന് ആദ്യവിമാനം പുറപ്പെട്ടത്. മേയ് ഒന്നിന് രണ്ട് വിമാനങ്ങളിലായി 859 തീർത്ഥാടകരും യാത്ര തിരിച്ചു. ഇന്ന് രണ്ട് വിമാനങ്ങളിലായി 860 വനിതാ തീർത്ഥാടകരുണ്ട്.
സാധാരണ സർവീസുകൾക്ക് പുറമെ വനിതകൾക്കു മാത്രമായി ആറ് വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. അതിനാൽ രണ്ട് ദിവസമായി വനിതകളുടെ വലിയ തിരക്കാണ് ഹജ്ജ് ക്യാമ്പിൽ അനുഭവപ്പെടുന്നത്. വനിതകൾക്ക് മാത്രമുള്ള വിമാനങ്ങളിൽ ആകെ 2560 തീർത്ഥാടകരുണ്ട്. ഇതിനു പുറമെ സാധാരണ വിമാനങ്ങളിലും വനിതാ പ്രാതിനിദ്ധ്യമുണ്ട്. വനിതാ ഹാജിമാർക്ക് മാർഗനിർദ്ദേശം നൽകുന്നതിനും യാത്രയിൽ അവരെ അനുഗമിക്കുന്നതിനുമായി വനിതാ വോളന്റിയർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.