പി.സി.വിഷ്ണുനാഥ് എം.എൽ.എയ്ക്ക് പുരസ്കാരം

Sunday 03 May 2026 12:16 AM IST

കൊല്ലം: മികച്ച നിയമസഭാ സാമാജികനുള്ള പ്രഥമ കൈപ്പുഴ വേലപ്പൻ നായർ സ്മാരക പുരസ്കാരം പി.സി.വിഷ്ണുനാഥ് എം.എൽ.എയ്ക്ക് നൽകുമെന്ന് പുരസ്കാര നിർണയ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നിയമ നിർമ്മാണ പ്രക്രിയകളിലും ജനകീയ വിഷയങ്ങൾ ഉയർത്തുന്നതിലും നിയമസഭയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും അഞ്ച് വർഷം കുണ്ടറ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ആർ.എസ്.പി സ്ഥാപക നേതാക്കളിൽ ഒരാളും കൊല്ലം ബാറിലെ ആദ്യകാല അഭിഭാഷകനുമായിരുന്ന കൈപ്പുഴ വേലപ്പൻ നായരുടെ ചരമ വാർഷിക ദിനമായ ഇന്ന് വൈകിട്ട് 3.30ന് കൊല്ലം പ്രസ് ക്ളബ്ബ് ഹാളിൽ ചേരുന്ന യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി പുരസ്കാരം സമർപ്പിക്കും. പത്രസമ്മേളനത്തിൽ പുരസ്കാര നിർണയ സമിതി ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ, മരുത്തടി നവാസ്, ഡോ.പുരുഷോത്തമൻ പിള്ള എന്നിവർ പങ്കെടുത്തു.