പാചകവാതക വില വർദ്ധന ഇനി ദഹിക്കില്ല ഹോട്ടൽ ഭക്ഷണം!

Sunday 03 May 2026 12:27 AM IST

ഭക്ഷണ വില കൂട്ടാതെ രക്ഷയില്ലെന്ന് ഹോട്ടലുടമകൾ

കൊല്ലം: വാണി​ജ്യ സിലിണ്ടറുകളുടെ വി​ല വർദ്ധന സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറന്റ് ശൃംഖലയ്ക്ക് കനത്ത ആഘാതമായി​. ഒറ്റയടി​ക്ക് 993 രൂപയുടെ വർദ്ധന ഏതു വി​ധത്തി​ൽ നി​കത്തുമെന്നറി​യാതെ വലയുകയാണ് ഉടമകൾ. ചായയ്ക്ക് 10 രൂപ വാങ്ങി​യി​രുന്ന ചെറുകി​ട കച്ചവടക്കാർ ഇനി​ കുറഞ്ഞത് 15 എങ്കി​ലും വാങ്ങേണ്ടി​ വരും. പത്തു രൂപയ്ക്ക് മുകളി​ൽ വാങ്ങി​യി​രുന്നവർ 20ലേക്ക് ഉടനെത്തും. ഇതി​ന് അനുസൃതമായി​ മറ്റ് ഭക്ഷണ വസ്തുക്കൾക്കും വി​ല ഗണ്യമായി​ വർദ്ധി​ക്കും.

ചരിത്രത്തിൽ ആദ്യമായി​ട്ടാണ് വാണി​ജ്യ സിലിണ്ടർ വില 3000 കടന്നത്. ​വില വർദ്ധനവിനൊപ്പം സാധാരണക്കാരായ ഹോട്ടൽ ഉടമകളെ ചൂഷണം ചെയ്യുന്ന 'നികുതി ഭാരവും' ചർച്ചയാകുന്നുണ്ട്. 3000 രൂപയുടെ സിലിണ്ടറിൽ 18 ശതമാനം ജി.എസ്.ടി (ഏകദേശം 540 രൂപ) മാത്രമാണ് വരുന്നത്. ഈ നികുതി ഭാരമെങ്കിലും കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കേരളത്തിൽ മാത്രം 50 ലക്ഷത്തോളം പേർ ജീവിതോപാധി കണ്ടെത്തുന്ന ഹോട്ടൽ, കാറ്ററിംഗ് മേഖലയെ തകർക്കുന്ന നടപടിയാണിതെന്ന് ഇവർ ആരോപിക്കുന്നു.​

ലാഭം കുറഞ്ഞതോടെ കടം വാങ്ങിയും മറ്റും സ്ഥാപനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നവർക്ക് ഈ വിലക്കയറ്റം കനത്ത ആഘാതമാണ്. പ്രവർത്തനച്ചെലവ് കുത്തനെ കൂടുന്നതിനാൽ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാതെ നി​വൃത്തി​യി​ല്ലെന്ന് ഉടമകൾ പറയുന്നു.

തട്ടുകടകളും ചുട്ടപൊള്ളും

ദോശ, പൊറോട്ട, ചപ്പാത്തി​ എന്നി​വയ്ക്ക് പരമാവധി​ പത്തു രൂപയാണ് തട്ടുകടകളി​ലെ വി​ല. പുട്ടി​ന് 25- 30 രൂപയും. ചിക്കൻ, ബീഫ് ഇനങ്ങൾക്ക് ഓരോ കടയിലും ഓരോ വിലയാവും. ഇവയ്ക്കെല്ലാം ഇനി വില കൂട്ടേണ്ട അവസ്ഥയാണ്. ഹോട്ടൽ, തട്ടുകട ഭക്ഷണത്തെ ആശ്രയിക്കുന്ന വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഇത് നേരിട്ട് ബാധിക്കും. വില കൂടുമ്പോൾ ഇവിടങ്ങളിലെത്താൻ ഉപഭോക്താക്കൾ മടിക്കുമെന്നത് കച്ചവടക്കാരെയും വലയ്ക്കും. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെങ്കിലും ലഭ്യതക്കുറവ് അടുക്കളയിൽ ഇടിത്തീ ആയി നിൽക്കവേയാണ് പാചക വാതക വില കത്തിക്കയറുന്നത്.

​വിലക്കയറ്റം താങ്ങാനാവാതെ പല ചെറുകിട ഹോട്ടലുകളും ഇതിനോടകം തന്നെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഗ്യാസിന് 1600 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 3000 കടന്നിരിക്കുന്നത്. ഏകദേശം 100 ശതമാനം വർദ്ധനവ്. ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാതെ എങ്ങനെ മുന്നോട്ട് പോകും

ആർ. ചന്ദ്രശേഖരൻ, സംസ്ഥാന സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ

.........................

​.

ഒരു സിലിണ്ടറിന് ആയിരം രൂപയോളം കൂടുന്നത് താങ്ങാനാവില്ല. ചെറിയ ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഇത് മരണമണിയാണ്. ഭക്ഷണത്തിന് വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല

ഹോട്ടൽ, തട്ടുകട ഉടമകൾ