കപ്പടിക്കാൻ കിടിലൻ ടീം

Sunday 03 May 2026 8:14 AM IST

വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബയ്: ഇംഗ്ലണ്ടും വെയ്ൽസും വേദിയാകുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പ് ചാമ്പ്യൻമാരെന്ന പകിട്ടുമായി ട്വന്റി-20 ലോകകിരീടം തേടിയിറങ്ങുന്ന ടീം ഇന്ത്യയെ ഹർമ്മൻ പ്രീത് കൗർ തന്നെയാണ് നയിക്കുന്നത്. സ്‌മൃതി മന്ഥനയാണ് വൈസ് ക്യാപ്‌ടൻ. അതേസമയം 15 അംഗ ടീമിൽ മലയാളി താരങ്ങളാരുമില്ല. ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ്മ, റിച്ച ഘോഷ്,ദീപ്തി ശർമ്മ തുടങ്ങിയ സൂപ്പർ താരങ്ങൾ ടീമിലുണ്ട്. പരിക്കിൽ നിന്ന് മോചിതയായെത്തിയ യസ്തിക ഭാട്ട്യയെ റിച്ചയ്ക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലുൾപ്പെടുത്തി.

പരിക്കേറ്റ ഓൾറൗണ്ടർമാരായ അമൻജ്യോത് കൗർ, കശ്‌വി ഗൗതം എന്നിരുടെ അസാന്നിധ്യമാണ് ടീമിന് തിരിച്ചടി. അമൻജ്യോത് കൗറിന് പകരം ഭാരതി ഫുൾമാലി ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റിലും വനിതാ പ്രീമിയർ ലീഗിലും മിന്നും പ്രകടനം പുറത്തെടുത്ത പേസർ നന്ദിനി ശർമ്മയ്ക്കും ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തി.

ഹർലീൻ ഡിയോൾ, സ്‌നേഹ് റാണ എന്നിവരെ പരിഗണിച്ചില്ല. ഇരുവരേയും ലോഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ല ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന് മുമ്പായി ഇംഗ്ലണ്ടിനെതിരായ നടക്കുന്ന മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പരയിലും ലോകകപ്പിനായി തിരഞ്ഞെടുത്ത ടീം തന്നെ ഇന്ത്യക്കായി കളിക്കും.

ഇംഗ്ലണ്ടിനെതിരായ. ട്വന്റി-20 പരമ്പരയ്ക്കും

ലോകകപ്പിനുമുള്ല ഇന്ത്യൻ ടീം:

ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ഥന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്,ദീപ്തി ശർമ, റിച്ച ഘോഷ്,യസ്തിക ഭാട്ട്യ, രാധ യാദവ്, ഭാരതി ഫുൽമലി, ശ്രീചരണി, നന്ദിനി ശർമ, അരുന്ധതി റെ‍‍ഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ.

ടെസ്റ്റ് ടീം- ഹർമ്മൻ (ക്യാപ്ടൻ)​, സ്‌മൃതി, (വൈസ് ക്യാപ്ടൻ)​,​ ഷഫാലി,​ ജമീമ,​പ്രതിക റാവൽ,​ദീപ്തി,​റിച്ച,​യസ്‌തിക ഭാട്ട്യ,​ ശ്രീചരിണി,​ നന്ദിനി,​ ഹർലീൻ,​രേണുക,​ക്രാന്തി,​സയാലി സത്ഗരെ,​സ്‌നേഹ്.

നോട്ട് ദ പോയിന്റ്

ജൂൺ 12 മുതൽ ജൂലായ് 45വരെയാണ് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി വനിതാ ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.

ചരിത്രത്തിലാദ്യമായി ഇത്തവണ വനിതാ ട്വന്റി-20 ലോകകപ്പിൽ 12 ടീമുകൾ പങ്കെടുക്കുന്നുണ്ട്.

പ്രാഥമിക റൗണ്ടിൽ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരി‌ഞ്ഞാണ് പോരാട്ടം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിലെത്തും.

ഇന്ത്യ ഗ്രൂപ്പ് ഒന്നിലാണ്. ഓസ്ട്രേലിയ,​ പാകിസ്ഥാൻ,​ നെതർലാൻഡ്സ്,​ബംഗ്ലാദേശ്,​ ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് 1ൽ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.

ട്വന്റി-20 ലോകകപ്പിൽ കന്നിക്കിരീടം തേടിയാണ് ഇന്ത്യ ഇത്തവണയിറങ്ങുന്നത്. 2020ൽ ഓസ്ട്രേലിയ വേദിയ ലോകകപ്പിൽ ഇന്ത്യ റണ്ണേഴ്‌സപ്പായിരുന്നു. ഫൈനലിൽ ആതിഥേയരോട് തോറ്റു.

ഇത്തവണ ഏകദിന ലോകകപ്പ് കിരീടം നേടിയ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ട്വന്റി-20 ലോകപോരാട്ടത്തിന് ഇററങ്ങുന്നത്.