സഞ്ജുവിന് ആ ഭാഗ്യം മുതലാക്കാൻ കഴിഞ്ഞില്ല, രണ്ടാം തവണ ബുംറയ്ക്ക് മുന്നിൽ വീണു
ചെന്നൈ: ഐപിഎൽ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത മുംബയ് ഇന്ത്യൻസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (160/2).
മറുപടി ബാറ്റിംഗിൽ ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 9 പന്തിൽ 11 റൺസ് മാത്രമെടുത്താണ് സഞ്ജു പുറത്തായത്. ജസ്പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സ്ലിപ്പിൽ വിൽ ജാക്‌സ് സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടിരുന്നു. എന്നാൽ ആ ഭാഗ്യം മുതലാക്കാൻ സഞ്ജുവിനായില്ല. അതേ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ റിക്കിൾട്ടൺ ക്യാച്ച് നൽകി സഞ്ജു കൂടാരം കയറുകയായിരുന്നു.
അതേസമയം, സഞ്ജു നേരത്തെ മടങ്ങിയെങ്കിലും ക്യാപ്ടൻ റുതുരാജ് ഗെയ്‌ക്‌വാദ് യുവതാരം കാർത്തിക് ശർമയ്ക്കൊപ്പം ചേർന്ന് ചെന്നൈയെ അനായാസം വിജയതീരത്തെത്തിച്ചു. സീസണിൽ ഇതുവരെ രണ്ട് സെഞ്ച്വറികളടക്കം 315 റൺസ് താരം നേടിയിട്ടുണ്ട്. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത മുംബയ്യെ കൃത്യതയോടെ പന്തെറിഞ്ഞ ചെന്നൈ ബൗളർമാർ വലിയ സ്കോറിലേക്ക് പോകാതെ പിടിച്ചുകെട്ടുകയായിരുന്നു. 37 പന്തിൽ 57 റൺസെടുത്ത നമൻ ധീറാണ് മുംബയ്‌യുടെ ടോപ് സ്കോറർ. റയാൻ റിക്കൽട്ടൺ (24 പന്തിൽ 37), സൂര്യകുമാർ യാദവ് (21) എന്നിവരും തിളങ്ങി. ആദ്യ റൺ നേടിയപ്പോൾ തന്നെ മുംബയ്ക്ക് ഓപ്പണറായ വിൽ ജാക്ക്സിനെ നഷ്ടമായിരുന്നു.
അൻഷുൽ കാംബോജിന്റെ പന്തിൽ അരങ്ങേറ്റക്കാരൻ രാമകൃഷ്ണ ഘോഷാണ് മനോഹരമായ ക്യാച്ചിലൂടെ ജാക്ക്സിനെ പുറത്താക്കിയത്. കാംബോജ് മൂന്നും നൂർ അഹമ്മദ് രണ്ടും രാമകൃഷ്ണ ഘോഷും ഓവർട്ടണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മുംബയ്ക്കെതിരെ വിക്കറ്റ് അടിസ്ഥാനത്തിൽ ചെന്നൈ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതോടെ പഴയ പ്രതാപത്തിലേക്ക് ചെന്നൈ തിരിച്ചെത്തിയപ്പോൾ, മുംബയ്‌യുടെ പ്ലേ ഓഫ് സാദ്ധ്യതകൾ അവസാനിക്കുമെന്ന അവസ്ഥയാണ്.