ഒരു ആശങ്കയുമില്ല, ഫലം വരുന്നതിന് മുമ്പ് കാട്ടിക്കൂട്ടലുകള്‍ക്കുമില്ല; പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍

Sunday 03 May 2026 10:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് എല്‍ഡിഎഫ്. മുന്നണിക്ക് ഒരു ആശങ്കയും ഇല്ലെന്നും ഫലം വരുന്നതിന് മുമ്പ് മറ്റ് ചിലരെ പോലെ കാട്ടിക്കൂട്ടലുകള്‍ക്ക് തയ്യാറല്ലെന്നും ഇടത് മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു.

കെപിസിസി ആസ്ഥാനത്ത് പന്തലിട്ടെങ്കില്‍ അവരാണ് അതിന് മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ആദ്യമായല്ല മണ്ഡലത്തിലേക്ക് പോകുന്നതെന്നും എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ജനപിന്തുണ ഭരണവിരുദ്ധ വികാരമില്ല എന്നതിന് തെളിവാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചനം നടത്തിയതില്‍ പ്രതികരിക്കുകയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍.

പിണറായിയുടേത് കരുത്തുറ്റ നേത്യത്വമാണ്. ഫലം വരും മുന്‍പ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല. ബേപ്പൂരില്‍ പി വി അന്‍വര്‍ മുഹമ്മദ് റിയാസിനോട് തോല്‍ക്കുമെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പേരാമ്പ്രയില്‍ ആശങ്കയില്ല. ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.