വിമാന കമ്പനികൾ നിലനിൽപ്പ് ഭീഷണിയിൽ

Monday 04 May 2026 12:51 AM IST

ഇന്ധന വില തിരിച്ചടി

കൊച്ചി: ഇറാൻ യുദ്ധവും ക്രൂഡോയിൽ വില വർദ്ധനയും രാജ്യത്തെ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കേന്ദ്ര സർക്കാരിന്റെ പിന്തുണയില്ലെങ്കിൽ രാജ്യത്തെ മുൻനിര വിമാന കമ്പനികൾ വിദേശ സർവീസുകൾ പൂർണമായും നിറുത്തലാക്കിയേക്കും. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് പൊതുമേഖല എണ്ണ കമ്പനികൾ വിമാന ഇന്ധനത്തിന്റെ വില കുത്തനെ വർദ്ധിപ്പിച്ചതോടെ കമ്പനികളുടെ പ്രവർത്തന ചെലവ് ഉയർന്നതാണ് പ്രധാന വെല്ലുവിളി. ഇതോടൊപ്പം ഇന്ത്യയുടെ പ്രധാന സർവീസ് കേന്ദ്രമായ യു.എ.ഇ അടക്കമുള്ള ഗൾഫ് മേഖലയിലേക്ക് യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതും വിമാന കമ്പനികൾക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

വ്യോമയാന കമ്പനികളുടെ പ്രവർത്തന ചെലവിൽ 60 ശതമാനവും ഇന്ധന വിലയാണ്. യുദ്ധം തുടങ്ങിയതിന് ശേഷം ഇന്ധന വില 30 ശതമാനത്തിലധികം കൂടിയതോടെ പ്രവർത്തന ചെലവിന് പോലും പണമില്ലാത്ത അവസ്ഥയിലാണ് മുൻനിര വിമാന കമ്പനികൾ. സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നിവ വരും ദിവസങ്ങളിൽ സർവീസുകൾ ഗണ്യമായി വെട്ടിക്കുറച്ചേക്കുമെന്ന് വ്യോമയാന രംഗത്തുള്ളവർ പറയുന്നു. മുൻനിര കമ്പനികളായ എയർ ഇന്ത്യ, ഇൻഡിഗോ എന്നിവ പോലും ലാഭകരമല്ലാത്ത സർവീസുകൾ നിറുത്താനുള്ള ആലോചനയിലാണ്.

സർവീസ് നിറുത്തി സ്‌പിരിറ്റ് എയർലൈൻസ്

അമേരിക്കയിലെ ലോ കോസ്‌റ്റ് എയർലൈനായ സ്‌പിരിറ്റ് പൊടുന്നനെ ആഗോള പ്രവർത്തനം നിറുത്തി. ഇന്ധന വിലയിലെ പ്രതിസന്ധിയാണ് കടുത്ത തീരുമാനത്തിന് പിന്നിൽ. ബാങ്കുകളും വൈറ്റ് ഹൗസുമായി നടത്തിയ അവസാന വട്ട ചർച്ചകളും പരാജയപ്പെട്ടതോടെ ശനിയാഴ്ച എല്ലാ വിമാന സർവീസുകളും സ്‌പിരിറ്റ് റദ്ദാക്കി. കസ്‌റ്റമർകെയർ യൂണിറ്റും പ്രവർത്തനം നിറുത്തി. മറ്റ് കമ്പനികളും വരും ദിവസങ്ങളിൽ പ്രവർത്തനം നിറുത്താൻ നിർബന്ധിതരാകുമെന്ന് സ്‌പിരിറ്റ് എയർലൈൻസ് സി.ഇ.ഒ മുന്നറിയിപ്പ് നൽകി.

എയർ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന നഷ്‌ടം

22,000 കോടി രൂപ

വിദേശ സർവീസ് കുറച്ച് എയർ ഇന്ത്യ

ഇന്ധന വിലയിലെ കുതിപ്പും ഗൾഫ് മേഖലയിലെ നിയന്ത്രണങ്ങളും കണക്കിലെടുത്ത് എയർ ഇന്ത്യ വിദേശ സർവീസുകൾ വെട്ടിക്കുറക്കുന്നു. ഇതോടൊപ്പം ചെലവ് കുറയ്ക്കാനുള്ള വിവിധ തന്ത്രങ്ങളും കമ്പനി ആലോചിക്കുകയാണ്.