വേനൽമഴ 46 ശതമാനം കുറഞ്ഞു: കാലവർഷം 25 മുതൽ
തിരുവനന്തപുരം: കനത്ത ചൂടിൽ നിന്ന് ആശ്വാസമേകി കാലവർഷം 25ന് കേരളത്തിലെത്തും. 18 മുതൽ ഇതിന്റെ സൂചന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ലഭിക്കുന്ന ഒറ്റപ്പെട്ട വേനൽമഴ ഈമാസം പകുതിവരെ തുടർന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മാർച്ച് ഒന്നുമുതൽ ഏപ്രിൽ 29 വരെ കേരളത്തിൽ 136.3 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ലഭിച്ചത് 73.5 മി.മീ. മാത്രം. 46 ശതമാനം കുറവ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ സാധാരണ നിലയിൽ വേനൽമഴ ലഭിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 59 മുതൽ 20 ശതമാനം വരെ കുറവുണ്ടായി. മലപ്പുറം (71% കുറവ്), പാലക്കാട് (74%), ഇടുക്കി (61%) ജില്ലകളിലാണ് വേനൽമഴ ഏറ്റവും കുറവ്. ലക്ഷദ്വീപിൽ 91 ശതമാനത്തിന്റെയും കുറവുണ്ടായി.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് കഴിഞ്ഞ ദിവസങ്ങളിൽ പല ജില്ലകളിലും വേനൽമഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവുണ്ടായി. 6,000 മെഗാവാട്ട് കടന്ന പീക്ക് സമയ വൈദ്യുതി ഉപഭോഗം വെള്ളിയാഴ്ച 5,684 മെഗാവാട്ടും ശനിയാഴ്ച 5,344 മെഗാവാട്ടുമായി.