കത്തിത്തീർന്നിട്ടില്ല, കൊൽക്കത്ത
ഈ സീസണിലെ മൂന്നാം ജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചത് ഏഴുവിക്കറ്റിന്
സൺറൈസേഴ്സ് ഹൈദരാബാദ് 165
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 169/3
ഹൈദരാബാദ് : ഐ.പി.എല്ലിൽ ഏറ്റവും പിന്നിലായിപ്പോയിരുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് തുടർച്ചയായ മൂന്നാം വിജയത്തോടെ ഉയിർത്തെണീപ്പിന്റെ വഴിയിൽ.കഴിഞ്ഞ മത്സരങ്ങളിൽ രാജസ്ഥാനെയും ലക്നൗവിനെയും തോൽപ്പിച്ചിരുന്ന കൊൽക്കത്ത ഇന്നലെ ഏഴുവിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെയും തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ
എട്ടാമതേക്കുയർന്നു.
ഇന്നലെ ഹൈദരാബാദിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ 19 ഓവറിൽ 165 റൺസിന് ആൾഔട്ടാക്കിയശേഷം 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു കൊൽക്കത്ത. ആദ്യ ഒൻപത് ഓവറിൽ 105/2 എന്ന നിലയിലായിരുന്ന ഹൈദരാബാദിനെ 60 റൺസ് കൂടി നേടുന്നതിനിടയിൽ അജിങ്ക്യ രഹാനെയും സംഘവും ആൾഔട്ടാക്കി. അപകടകാരിയായ ഓപ്പണർ അഭിഷേക് ശർമ്മയെ (15) നാലാം ഓവറിൽ ഗ്രീനിന്റെ കയ്യിലെത്തിച്ച കാർത്തിക് ത്യാഗിയാണ് കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 28 പന്തുകളിൽ ഒൻപത് ഫോറുകളും മൂന്ന് സിക്സുകളുമടക്കം 61 റൺസ് നേടിയ ട്രാവിസ് ഹെഡിനെ വരുൺ ചക്രവർത്തി കാമറൂൺ ഗ്രീനിന്റെ കയ്യിലെത്തിച്ചതോടെയാണ് കളിമാറിയത്. 42 റൺസടിച്ച ഇഷാൻ കിഷനെ സുനിൽ നരെയ്നും 11 റൺസടിച്ച ഹെൻറിച്ച് ക്ളാസനെ ഗ്രീനും കൂടാരം കയറ്റിയതോടെ കൊൽക്കത്ത പിടിമുറുക്കി.രവിചന്ദ്രൻ സ്മരൺ (4), അനികേത് വർമ്മ (6) എന്നിവരെക്കൂടി വരുൺ കൂടാരംകയറ്റി. നരെയ്നും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രീൻ, വൈഭവ് അറോറ,അൻകുൽ റോയ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെയും (43), ഫിൻ അല്ലെനും (29)ചേർന്ന് മികച്ച തുടക്കം നൽകി. നാലോവറിൽ 49 റൺസ് കൂട്ടിച്ചേർത്തശേഷം അല്ലെൻ മടങ്ങിയപ്പോൾ ക്രീസിലെത്തിയ ആൻഗ്രിഷ് രഘുവംശി (59) ഈ സീസണിലെ മൂന്നാം അർദ്ധസെഞ്ച്വറിയോടെ വിജയത്തിലേക്ക് ബാറ്റുവീശി. റിങ്കുസിംഗ് 11 പന്തുകളിൽ 22 റൺസുമായി മത്സരം ഫിനിഷ് ചെയ്തു. 47 പന്തുകൾ നേരിട്ട ആൻഗ്രിഷ് രഘുവംശി അഞ്ചുഫോറും രണ്ട് സിക്സും പായിച്ചു. നാലോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് പ്ളേയർ ഒഫ് ദ മാച്ച്.