വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ചു
മൂവാറ്റുപുഴ: കുടുംബവഴക്കിനെ തുടർന്ന് മൂവാറ്റുപുഴ പേഴയ്‌ക്കാപ്പിള്ളിയിൽ വിഷംകഴിച്ചും കൈഞരമ്പ് മുറിച്ചും അവശ നിലയിൽ കണ്ടെത്തിയ അമ്മയും മകനും ചികിത്സയിലിരിക്കെ മരിച്ചു.
പേഴയ്‌ക്കാപ്പിള്ളി അയിരുമല കല്ലുവെട്ടിക്കുഴിയിൽ മുഹമ്മദിന്റെ ഭാര്യ ബീവി (48), മകൻ കെ.എം. അംജിത്(26) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ ഇരുവരെയും അവശനിലയിൽ വീടിനുള്ളിൽ അയൽവാസികൾ കണ്ടെത്തുകയായിരുന്നു. മുൻവാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു.
തുറന്നുകിടന്ന ജനാലയിലൂടെ ഇവരെ അവശ നിലയിൽ കണ്ട അയൽവാസികൾ ബഹളംകൂട്ടിയതോടെ, സമീപത്ത് താമിസിക്കുന്ന മുഹമ്മദിന്റെ ബന്ധുക്കൾ ഓടിയെത്തി വാതിൽ ബലമായി തുറന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട്ടിൽ ഇവർക്കു സമീപം ഒഴിഞ്ഞ വിഷക്കുപ്പിയുണ്ടായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മകൻ ഇന്നലെ രാവിലെ 7നും അമ്മ ഉച്ചയ്ക്ക് 12നും മരിച്ചു.
അസ്വാഭാവിക മരണത്തിന് മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി.