യുവാവ് റബർ തോട്ടത്തിൽ മരിച്ച നിലയിൽ; സൂര്യാഘാതമെന്ന് സംശയം

Monday 04 May 2026 2:08 AM IST

പാമ്പാക്കുട: അഞ്ചൽപ്പെട്ടി പനങ്ങാട്ട് മുരളിയുടെയും രാധാമണിയുടെയും മകൻ വിഷ്ണു മുരളി (33)യെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ പരിശോധനയിൽ കണ്ടെത്തി. സൂര്യാഘാതമാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിന് നൂറ് മീറ്ററോളം അകലെയുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഡി. സി. ബുക്സിലെ ജീവനക്കാരനായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. സഹോദരി: കൃഷ്ണപ്രിയ.