കസ്റ്റഡിയിൽ നിന്നു പ്രതിയെ ബലമായി മോചിപ്പിച്ചു #അഞ്ചുപേർ അറസ്റ്റിൽ

Monday 04 May 2026 2:09 AM IST

വർക്കല:കസ്റ്റഡിയിൽ എടുത്ത അക്രമിയെ ബലമായി മോചിപ്പിച്ച പ്രതികളെ വർക്കല പൊലീസ് പിടികൂടി. അക്രമിയും പിടിയിലായി. വെട്ടൂർ സ്വദേശികളായ സൂരജ് (23), വിവേക് (33),ഷൈൻ (23), ചെറുന്നിയൂർ സ്വദേശി വിഷ്ണു (22),മലപ്പുറം സ്വദേശി വിഷ്ണു (19) എന്നിവരാണ് പിടിയിലായത്.ശനിയാഴ്ച രാത്രി 11.30 മണിയോടെ വെന്നികോട് കർമ്മല മാതാ ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയവരെ പൊലീസ് പിരിച്ചുവിടാൻ ശ്രമിക്കുകയും പ്രശ്നക്കാരിൽ പ്രധാനിയായ സൂരജിനെ (ചിപ്രു) പിടികൂടുകയും ചെയ്തു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവർ റോഡിൽ ബിയർ കുപ്പി എറിഞ്ഞ് ജീപ്പ് തടഞ്ഞുകൊണ്ട് പൊലീസിനെ അസഭ്യം വിളിച്ചു . ഗ്രേഡ് എസ്.ഐ നജീബിനും സഹപ്രവർത്തകനും നേരെ ബലം പ്രയോഗിച്ച് പ്രതിയെ ജീപ്പിൽ നിന്നു ഇറക്കി കൊണ്ടു പോയെന്നാണ് കേസ്. കൂടുതൽ പൊലീസ് എത്തിയാണ് പ്രശ്നക്കാരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.