പഞ്ചായത്ത് ഓഫീസിലെ അതിക്രമക്കേസ്: റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു
കൊല്ലം: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചു കയറി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കെ.പി. മോഹനനെ (61) ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) രേഷ്മ രാജൻ വെറുതേ വിട്ടു. 2018 ജൂലായ് 2ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കെട്ടിട നമ്പർ അനുവദിക്കാൻ മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പ്രതി അപേക്ഷ നൽകിയിരുന്നു. നിയമപരമായ ദൂരപരിധി പാലിക്കാത്തതിനാൽ അപേക്ഷ നിരസിച്ചതിൽ പ്രകോപിതനായി സെക്രട്ടറിയുടെ ചേംബറിൽ അതിക്രമിച്ചു കയറി ഫയലുകൾ പിടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കേസ്. പ്രതി ഫയലുകൾ എടുത്തു എന്ന് പറയുന്നുണ്ടെങ്കിലും സെക്രട്ടറിയെ തടസപ്പെടുത്താൻ ബലപ്രയോഗമോ ആക്രമണമോ നടത്തിയതിന് തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി. വെറും ബഹളം വയ്ക്കുന്നത് ഐ.പി.സി 353-ാം വകുപ്പ് പ്രകാരം ആക്രമണമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. നിരീക്ഷണ ക്യാമറ പ്രവർത്തിച്ചിരുന്നില്ല എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ താൻ വിജിലൻസിൽ പരാതി നൽകിയിരുന്നെന്നും അത് പിൻവലിക്കാത്തതിലുള്ള വൈരാഗ്യം മൂലം തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും പ്രതി വാദിച്ചു. അഭിഭാഷകരായ ഗോകുൽ പി.രാജ്, എ. ഗോപിക, അരവിന്ദ് പി.പിള്ള, ലക്ഷ്‌മി ജി.മോഹൻ എന്നിവർ കോടതിയിൽ ഹാജരായി.