'തോറ്റതിനു തുല്യമായ വിജയമേ പിണറായിക്കുണ്ടാകൂ,​ തോറ്റാലും ഞെട്ടണ്ട': അറംപറ്റി അൻവറിന്റെ വാക്ക്

Monday 04 May 2026 2:17 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാലും ഞെട്ടേണ്ടെന്നും തോറ്റതിനു തുല്യമായ വിജയമേ പിണറായിക്കുണ്ടാകൂ,​ ജയിച്ചാൽ പോലും ഭൂരിപക്ഷം പതിനായിരത്തിനു താഴെ പോകുമെന്നുമുള്ള പി.വി അൻവറിന്റെ പ്രസ്താവന ഈ ഘട്ടത്തിൽ ചർച്ചയാകുന്നു. വോട്ടെണ്ണൽ അവസാന റൗണ്ടുകളിലേക്ക് എത്തുമ്പോൾ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിയ ഭൂരിപക്ഷത്തിന് മാത്രമാണ് മുന്നിൽ നിൽക്കുന്നത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്ന നിലയാണുണ്ടായിരുന്നത്. ആദ്യ ആറുറൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിലാണ് നേരിയ ഭൂരിപക്ഷത്തിൽ മുന്നിലെത്തിയത്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് ഒട്ടും അനുകൂലമല്ലെന്നാണ് അൻവർ പറഞ്ഞത് . താൻ നടത്തിയ സർവേ വളരെ കൃത്യമാണെന്നും ജനങ്ങളുടെ പൾസ് ഇതിലൂടെ വ്യക്തമാണെന്നും അൻവർ അവകാശപ്പെട്ടിരുന്നു. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകില്ലെന്നും വൻ രാഷ്ട്രീയ അഴിച്ചുപണികൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും യുഡിഎഫ് ഇത്തവണ 86 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നുമാണ് സർവേ മുൻനിർത്തി അൻവർ പ്രസ്താവിച്ചത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ ഫലം കൂടി അനുകൂലമായാൽ യുഡിഎഫ് 109 അല്ലെങ്കിൽ 110 സീറ്റുകളിലേക്ക് ഉയർന്നേക്കാമെന്നും അൻവർ പറഞ്ഞിരുന്നു.

പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയെന്നും അത് വിജയിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ താൻ തോറ്റാൽ തല മൊട്ടയടിക്കാമെന്നും, മന്ത്രി മുഹമ്മദ് റിയാസ് തോറ്റാൽ അദ്ദേഹം മൊട്ടയടിക്കണമെന്നും അൻവർ വെല്ലുവെളി ഉയർത്തിയിരുന്നു. ബേപ്പൂരിൽ ആകെ പതിനാറ് റൗണ്ടിൽ പതിമൂന്നാമത്തെ റൗണ്ട് എണ്ണുമ്പോൾ അൻവർ രണ്ടാം സ്ഥാനത്തും റിയാസ് നാലായിരത്തോളം വോട്ടുകൾക്ക് മുന്നിലുമാണ്.