മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഫാനുകൾ പ്രവർത്തനരഹിതം; യാത്രക്കാർ ദുരിതത്തിൽ

Tuesday 05 May 2026 2:32 AM IST

മൂവാറ്റുപുഴ: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് മാസങ്ങൾ തികയും മുമ്പേ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഫാനുകൾ പ്രവർത്തനരഹിതം. 4.25 കോടി രൂപ ചെലവിട്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മാർച്ച് 11ന് ഉദ്ഘാടനം നടത്തിയ ബസ് സ്റ്റാൻഡിലാണ് രണ്ടുമാസം തികയും മുമ്പ് ഫാനുകൾ നിശ്ചലമായത്. ഇതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. ബസ് സ്റ്റാൻഡ് സമുച്ചയത്തിനുള്ളിൽ യാത്രക്കാർക്ക് വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന ഭാഗത്ത് വേനൽക്കാലത്തും ഫാനുകൾ പ്രവർത്തിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി. ദീർഘദൂര യാത്രക്കാരടക്കം നിരവധി പേരെത്തുന്ന ഇവിടെ നാല് സീലിംഗ് ഫാനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇവയിൽ ഒരെണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. രണ്ട് ഫാനുകൾ മോട്ടോർ മാത്രമുള്ള അവസ്ഥയിലാണ്. മറ്റൊന്ന് പ്രവർത്തനരഹിതവുമാണ്.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസമാകേണ്ട ഫാനുകൾ പ്രവർത്തനസജ്ജമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ക്ലോക്ക് ടവർ ഉൾപ്പെടെ നിർമ്മിച്ച് നഗരത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് അവകാശപ്പെടുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അധികൃതർ അനാസ്ഥ കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്.