ചെങ്ങന്നൂരിൽ തിരിച്ചടിക്ക് കാരണം കള്ളപ്രചരണം: സജി ചെറിയാൻ

Tuesday 05 May 2026 2:03 AM IST
തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സജി ചെറിയാനും കുടുംബാംഗങ്ങളും പ്രവർത്തകരും സന്തോഷത്തോടെ വിജയചിഹ്നം കാണിച്ച് ആഘോഷിക്കുന്നു.

ചെങ്ങന്നൂർ: പിണറായി സർക്കാർ നടത്തിയ നല്ല പ്രവർത്തനങ്ങളെ മറികടന്ന് യു.ഡി.എഫ് നടത്തിയ കള്ളപ്രചരണങ്ങളിലൂടെ ചിലരെ സ്വാധീനിക്കാനായതിന്റെ ഫലമാണ് തിരഞ്ഞെടുപ്പിലെ ഇപ്പോഴത്തെ തിരിച്ചടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിയുക്ത എം.എൽ.എയുമായ സജി ചെറിയാൻ പറഞ്ഞു. ആറുമാസത്തിനകം ജനങ്ങൾ പിശക് തിരിച്ചറിയുമെന്നും, അതിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ് എൽ..ഡി.എഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നേതാക്കളും ജനപ്രതിനിധികളും ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണത്തിലെ പോരായ്മകൾ പാർട്ടിയും എൽ.ഡി.എഫും പരിശോധിക്കും. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഇപ്പോഴും ശക്തമായ സ്വാധീനം നിലനിൽക്കുന്നതായും, വലതുപക്ഷ ശക്തികളുടെ ഏകോപിത നീക്കമാണ് ഇത്തരം ഫലത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. പരാജയത്തെ വിനയത്തോടെ അംഗീകരിക്കുന്നുവെന്നും, കേരളത്തിന്റെ വികസനത്തിനായി വിജയിച്ച യു.ഡി.എഫിന് പ്രവർത്തിക്കാൻ കഴിയട്ടെ എന്നും സജി ചെറിയാൻ പറഞ്ഞു. എൽ.ഡിഎ.ഫ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.