ശാന്തകുമാറി​ന്റെ ജയത്തി​ന് തി​ളക്കമേറെ, കൈക്കുമ്പിളിൽ അടൂർ

Tuesday 05 May 2026 12:08 AM IST

അടൂർ : ഒന്നരപതിറ്റാണ്ടിന്റെ എൽ.ഡി.എഫ് ഭരണത്തിന് അറുതി വരുത്തിയാണ് അടൂരിൽ യു.ഡി.എഫി​ന്റെ മിന്നുംവിജയം. 66,153 വോട്ട് നേടി നേടിയാണ് അഡ്വ.സി വി ശാന്തകുമാർ വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി​ പ്രിജി കണ്ണൻ 55821 വോട്ടുകൾ നേടി. 10,332 വോട്ടിന്റെ ഭൂരിപക്ഷം. 26,337 വോട്ടുകളുമായി​ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പന്തളം പ്രതാപനാണ് മൂന്നാം സ്ഥാനത്ത്. 2011 മുതൽ ചിറ്റയം ഗോപകുമാറിലൂടെ എൽ ഡി എഫ് ഹാട്രിക്ക് വിജയം നേടിയ മണ്ഡലത്തിലാണ് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫ് വിജയം നേടി​യത്. തി​രഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ വിവാദങ്ങളിൽ ഇടം നേടിയ മണ്ഡലമാണ് അടൂർ. പ്രിജി കണ്ണന്റെ പേര് വിവാദവും സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ മുൻ നഗരസഭ ചെയർമാൻ ബാബു ദിവാകരന്റെ രാജിയും അടൂരിനെ വാർത്തകളിൽ നിറച്ചു. 2016 ൽ 76,034 വോട്ടുകളും 2021 ൽ 66,569 വോട്ടുകളും നേടി വിജയിച്ച മണ്ഡലത്തിലാണ് എൽ ഡി എഫ് പരാജയപ്പെട്ടത്. 2016 ൽ 50,574 വോട്ടുകളായിരുന്നു യു.ഡി.എഫി​ന്റെ വോട്ട് വിഹിതം.

തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും വിജയിച്ച ആത്മവിശ്വാസവുമായാണ് യു ഡി എഫ് ഇക്കുറി മത്സരത്തിനിറങ്ങിയത്. നിയമസഭ തി​രഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയെന്ന് എൻ ഡി എയ്ക്ക് ആശ്വസിക്കാമെങ്കിലും ലോക്സഭ തി​രഞ്ഞെടുപ്പിലും നിയമസഭ തി​രഞ്ഞെടുപ്പിലും നേടിയ വോട്ട് വിഹിതം നേടാനായില്ല. 2016 ൽ 25,940 വോട്ടും 2021ൽ 23,980 വോട്ടുകളുമാണ് എൻ ഡി എ നേടിയത്.