'പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനിൽ കെട്ടിവയ്ക്കാനാകില്ല'; കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായെന്ന്  വി കെ സനോജ്

Tuesday 05 May 2026 5:19 PM IST

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌. തിരഞ്ഞെടുപ്പിലേത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് പറഞ്ഞ സനോജ്‌ നിലവിലെ സാഹചര്യത്തെ അതിജീവിക്കുമെന്നും വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി തകരില്ല. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായി. മട്ടന്നൂരിൽ വോട്ട് കുറഞ്ഞത് യുഡിഎഫ് തരംഗത്തിലാണെന്നും സനോജ്‌ പറഞ്ഞു.

പയ്യന്നൂരിലും തളിപ്പറമ്പിലും സംഘടനയിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും സനോജ്‌ പറഞ്ഞു. വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടി ഉണ്ടാക്കി എന്ന വാദം പിണറായി വിജയനെ ലക്ഷ്യമിട്ടാണ്. പുതിയ സർക്കാർ ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ചാൽ ഡിവൈഎഫ്ഐ സമരരംഗത്ത് ഉണ്ടാകുമെന്നും വി കെ സനോജ് വ്യക്തമാക്കി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ വിജയിച്ചതോടെ വി കെ സനോജ് ഇനി നിയമസഭയിലെത്തും. കന്നിയങ്കത്തിൽ 14168 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് യുവ നേതാവിന്റെ വിജയം. വി കെ സനോജ് 81456 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ചന്ദ്രൻ തില്ലങ്കേരി 67288 വോട്ടുകളും എൻഡിഎയുടെ ബിജു ഇളക്കുഴി 17815 വോട്ടുകളും നേടി.