തീയണഞ്ഞ് കാറ്ററിംഗ് മേഖല
ബുക്കിംഗ് എല്ലാം പിൻവലിക്കുന്നു
പാലക്കാട്: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില കേന്ദ്രസർക്കാർ കുത്തനെ വർദ്ധിപ്പിച്ചതോടെ പ്രതിസന്ധിയിലായി കാറ്ററിംഗ് മേഖല. ചെറുകിട കാറ്ററിംഗ് ഉടമകളാണ് ഏറെ പ്രയാസത്തിലായത്. വാണിജ്യ സിലിണ്ടർ ബുക്ക് ചെയ്താൽ തന്നെ കിട്ടുന്നത് 20 ദിവസത്തിന് ഒരെണ്ണമാണ്. ഇത് പര്യാപ്തമല്ല. കരിഞ്ചന്തയിലാണ് സിലിണ്ടർ വാങ്ങുന്നത്. 4700 മുതൽ 5800 രൂപവരെ ഒന്നിന് കൊടുക്കണമെന്ന് കാറ്ററിംഗ് സ്ഥാപന ഉടമകൾ പറയുന്നു. ഏറ്റെടുത്ത വിവാഹം, റിസപ്ഷൻ എന്നിവ നടത്താൻ ബുദ്ധിമുട്ടാണ്. റിസപ്ഷൻ പരിപാടികളിൽ തത്സമയ വിഭവങ്ങൾ ഒഴിവാക്കി. ഭക്ഷണ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാതെ മന്നോട്ടു പോകാനാകില്ല. വാണിജ്യ സിലിണ്ടർ വിൽപ്പനയിലൂടെ ഇടനിലക്കാർ വൻ സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്നും അവർ പറയുന്നു. യുദ്ധത്തെ തുടർന്നുണ്ടായ സിലിണ്ടർ ക്ഷാമത്തെ തുടർന്ന് നാളുകളായി കാറ്ററിംഗ് മേഖല വൻ പ്രതിസന്ധിയിലാണ്. ഇതിനു പിന്നാലെ വാണിജ്യ സിലിണ്ടർ വില ഉയർത്തിയത് ഇരുട്ടടിയായി.
50% ഓർഡറും പിൻവലിച്ചു
പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ 50% ബുക്കിംഗും റദ്ദായി. വിവാഹത്തിന് പുറമെ നിശ്ചയം, പിറന്നാൾ, ഗൃഹപ്രവേശം, പേരിടൽ തുടങ്ങിയവയ്ക്ക് ധാരാളം ബുക്കിംഗ് ലഭിച്ചിരുന്നു. ബുക്കിംഗ് റദ്ദാക്കിയവർക്ക് അഡ്വാൻസ് തിരിച്ചുനൽകാൻ പോലും ഏറെ ബുദ്ധിമുട്ടുകയാണെന്ന് കാറ്ററിംഗ് നടത്തിപ്പുകാർ പറയുന്നു. വിവാഹത്തിന് പുറമെ ഏപ്രിൽ, മേയ് മാസങ്ങളിലെ യാത്രയയപ്പ് സമ്മേളനങ്ങളും നല്ല വരുമാനമായിരുന്നു. ഇന്നും നാളെയുമായി നിലവിലുള്ള ബുക്കിംഗും നഷ്ടമാകുമെന്നാണ് കരുതുന്നത്. ഇതോടെ പ്രതിദിനം 70,000 - 80,000 രൂപയുടെ നഷ്ടമാണുണ്ടാകുക. ചെറുകിട കാറ്ററിംഗ് ഉടമകൾക്ക് പോലും ഒറ്റയടിക്ക് 40 ബുക്കിംഗാണ് നഷ്ടമാകുന്നതെന്ന് കാറ്ററിംഗ് ഉടമകൾ പറയുന്നു.