തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരം: സി.പി.ഐ മുഖപത്രം

Wednesday 06 May 2026 12:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മുഖ്യമായും പ്രതിഫലിക്കുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരമാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം .

കേരളത്തിൽ 10 വർഷം നീണ്ട എൽ.ഡി.എഫ് ഭരണത്തിൽ എവിടെയാണ് വീഴ്ചകളും പാളിച്ചകളും സംഭവിച്ചതെന്ന് മുന്നണിയും ഘടകകക്ഷികളും വിശദമായി പരിശോധിക്കേണ്ടതുണ്ട് വികസന രംഗത്തും ജനക്ഷേമ പ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ച വച്ചിട്ടുണ്ടെന്നത് വസ്തുതയാണെങ്കിലും, ഭരണവും അതിന് നേതൃത്വം നൽകിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എങ്ങനെ ജനങ്ങളിൽ നിന്നും അകലുകയും ഒറ്റപ്പെടുകയും ചെയ്തുവെന്നത് സത്യസന്ധമായ ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ട്. സി.പി. എം നേതൃത്വത്തിലെ പ്രമുഖരായ ചില നേതാക്കൾ ആ പാർട്ടി വിട്ട് യു.ഡി.എഫിൽ ചേക്കേറിയതും പാർട്ടിയെയും മുന്നണിയെയും വെല്ലുവിളിച്ച് വിജയിച്ചതും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. സി.പി.എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും പരമ്പരാഗത അടിത്തറയ്ക്ക് ഇളക്കം തട്ടുകയും വോട്ടു ചോർച്ച സംഭവിക്കുകയും ചെയ്തു .അതെങ്ങനെ സംഭവിച്ചെന്ന് കണ്ടെത്തുകയും , പരിഹാരമാർഗങ്ങൾ ആരായുകയും തിരുത്തലുകൾക്ക് തയ്യാറാവുകയും ചെയ്യണം. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം പ്രസക്തമായ രാഷ്ട്രീയ

ശക്തിയായി തുടരാൻ അനിവാര്യമാണെന്നും മുഖപ്രസംഗം വിശദമാക്കുന്നു.