മനസ് തുറന്ന് ഫാത്തിമ തഹ്‌ലിയ, ലീഗിന്റെ ആദ്യ വനിത എം.എൽ.എ വലിയ ഉത്തരവാദിത്വം
വനിതകൾക്ക് പ്രാതിനിദ്ധ്യം നൽകുന്നില്ലെന്നത് എക്കാലത്തും ലീഗ് കേട്ട ആരോപണമാണ്. അതിന് മറുപടിയായിരുന്നു 2021ൽ കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിന്റെ സ്ഥാനാർത്ഥിത്വം. ഇത്തവണ കൂത്തുപറമ്പിലും പേരാമ്പ്രയിലും സീറ്റുകൾ നൽകി. കൂത്തുപറമ്പിൽ തോറ്റെങ്കിലും ചരിത്രം തിരുത്തി പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയ വിജയം നേടി. അതും സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണനെ പരാജയപ്പെടുത്തി. ഫാത്തിമ തഹ്‌ലിയ കേരളകൗമുദിയുമായി സംസാരിക്കുന്നു.
?മുസ്ലിം ലീഗിന്റെ ആദ്യ വനിത എം.എൽ.എയായി. പ്രതീക്ഷിച്ച വിജയമായിരുന്നോ
വിജയം പ്രതീക്ഷിച്ചാണ് മത്സരരംഗത്തിറങ്ങിയത്. പേരാമ്പ്രയുടെ വികസനമാണ് ആഗ്രഹിച്ചത്. അവിടെയുള്ള ജനങ്ങൾ ഭരണ തുടർച്ച ആഗ്രഹിച്ചിരുന്നില്ല. ജനങ്ങൾക്കൊപ്പം ഞാൻ നിന്നു. ലീഗിന്റെ ഒരേ ഒരു വനിത എം.എൽ.എ സ്ഥാനം വലിയ ഉത്തരവാദിത്വമാണ്. മറ്റ് സ്ത്രീകൾക്ക് കടന്നു വരാനുള്ള പാത.
?രണ്ട് വനിതകൾക്ക് പ്രാതിനിദ്ധ്യം നൽകി, ലീഗിന്റെ രാഷ്ട്രീയ സ്വഭാവം മാറുകയാണോ
പാർട്ടി ആരേയും തടഞ്ഞു നിറുത്തിയിട്ടില്ല. അവസരങ്ങൾ നൽകുകയാണ് ചെയ്തിട്ടുള്ളത്.
?മന്ത്രിസ്ഥാനത്തേക്ക് വഴി തുറക്കുമോ
അതിനെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. പാർട്ടിയാണ് തീരുമാനമെടുക്കുക. പാർട്ടി പറഞ്ഞ പോലെ പേരാമ്പ്രയിൽ മത്സരിച്ചു. വിജയിച്ചു.
?എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രമായ പേരാമ്പ്രയിൽ ആശങ്കയുണ്ടായിരുന്നോ
ഒരിക്കലുമില്ല. വിജയം ഉറപ്പായിരുന്നു. ടി.പി രാമകൃഷ്ണൻ സൗമ്യനായ വ്യക്തിയാണ്,മുതിർന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണണം. ജനങ്ങൾക്ക് ഉപകാരമുള്ളത് ചെയ്യണം. ജെൻസീ വോട്ടുകൾ,സ്ത്രീകൾ,സാധാരണക്കാർ,നല്ല കമ്യൂണിസ്റ്രുകാർ തുടങ്ങിയവരുടെയെല്ലാം വോട്ട് എനിക്ക് ലഭിച്ചു.
?വിവാദങ്ങളുടെ പെരുമഴയായിരുന്നല്ലോ തുടക്കം
അതെ. പക്ഷേ അവയ്ക്കൊന്നും എന്ന് തോൽപ്പിക്കാനായില്ല. 'ഖൗമിലെ കുട്ടി' പരാമർശവും സ്ട്രോംഗ് റൂം വിവാദവും ഉൾപ്പെടെ വാർത്തകളിൽ നിറഞ്ഞു. വർഗീയാരോപണം ഉൾപ്പെടെയുള്ള ചെളിവാരിയെറിയലുകളുണ്ടായി. എന്നാൽ,വിവാദങ്ങളെയെല്ലാം വിവാദങ്ങളായിട്ടേ കണ്ടിട്ടുള്ളത്. ഞാൻ ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ശക്തമായി ഇറങ്ങിച്ചെന്നു,അവർക്ക് പ്രിയപ്പെട്ട ആളായി.
?കുടുംബം
പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പിൽ കെ.അബ്ദുറഹിമാന്റെയും സുബൈദയുടെയും മകളാണ്. കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് എൽ.എൽ.എമ്മും പൂർത്തിയാക്കി. 10 വർഷമായി കോഴിക്കോട് ജില്ലാ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നു. ചാലപ്പുറം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ശഹസാദാണ് ഭർത്താവ്. ചാലപ്പുറത്തെ വീട്ടിലാണ് താമസം.