എറണാകുളത്തിന് മുഖ്യമന്ത്രി, 48 വർഷത്തിന് ശേഷം

Friday 15 May 2026 2:38 AM IST

കൊച്ചി: പി.കെ.വാസുദേവൻ നായർക്ക് ശേഷം 48 വർഷത്തെ ഇടവേള കഴിഞ്ഞാണ് എറണാകുളത്തിന് മുഖ്യമന്ത്രിയെ ലഭിക്കുന്നത്. കെ. കരുണാകരനും എ.കെ. ആന്റണിയും ആത്മബന്ധം പുലർത്തിയ കർമ്മമണ്ഡലമായിരുന്നു എറണാകുളമെങ്കിലും മറ്റു ജില്ലകളാണ് ഇവരുടെ ജന്മനാടുകൾ. എറണാകുളത്ത് ജനിച്ച് പതിനഞ്ചാം വയസിൽ രാഷ്ട്രീയം ആരംഭിച്ച് പടിപടിയായ വളർച്ചയിലൂടെയാണ് വടശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശൻ മുഖ്യമന്ത്രി പദവിയിലേക്ക് കടന്നുവരുന്നത്. നേതാക്കളുടെ വി.ഡിയും പ്രവർത്തകരുടെ വി.ഡി.എസുമാണ് അദ്ദേഹം.

കൊച്ചി നഗരത്തിലെ മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരാണ് സതീശന്റെ സ്വദേശം. സ്കൂളിൽ പഠിക്കുമ്പോൾ പതിനഞ്ചാം വയസിൽ രാഷ്ട്രീയത്തിൽ കൈവച്ച അദ്ദേഹം തേവര സേക്രട്ട് ഹാർട്ട് കോളേജിൽ പ്രീഡിഗ്രി, ഡിഗ്രി പഠനകാലത്ത് കെ.എസ്.യുവിലൂടെയാണ് സജീവമായത്. സി.പി.ഐ പതിവായി ജയിക്കുന്ന പറവൂർ മണ്ഡലത്തിൽ പരീക്ഷണമായാണ് അദ്ദേഹത്തെ 1996ൽ കോൺഗ്രസ് മത്സരിപ്പിച്ചത്. സിറ്റിംഗ് എം.എൽ.എയായിരുന്ന പി. രാജുവിനോട് കന്നിയങ്കത്തിൽ തോറ്റു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. പറവൂരിൽ താമസമുറപ്പിച്ച് അഞ്ചുവർഷം രാഷ്ട്രീയ, പൊതുപ്രവർത്തനത്തിലൂടെ ജനങ്ങൾക്കൊപ്പം നിന്നു. 2001ൽ പി. രാജുവിനെ തോൽപ്പിച്ച് ആദ്യവിജയം നേടിയ സതീശന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആറ് തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. പത്തുനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിപദവും സ്വന്തമാക്കി.

പി.കെ.വി ആദ്യ മുഖ്യമന്ത്രി

സി.പി.ഐ. നേതാവും പൊതുസമൂഹത്തിന് സ്വീകാര്യനുമായ പി.കെ. വാസുദേവൻ നായരാണ് ജില്ലയിൽ നിന്നുള്ള ആദ്യമുഖ്യമന്ത്രി. പെരുമ്പാവൂർ പുല്ലുവഴിയിലെ പടയാട്ട് കുടുംബത്തിലെ അംഗമാണ് പി.കെ.വി എന്ന വാസുദേവൻ നായർ. 1978 ഒക്ടോബർ 29നാണ് അദ്ദേഹം കേരളത്തിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 1979 ഒക്ടോബർ ഏഴിന് രാജിവച്ചു. ഒരുവർഷം മാത്രമാണ് മുഖ്യമന്ത്രിയായി തുടർന്നത്.

ലീഡർക്കും എ.കെ.ക്കും സ്വന്തം

നാലുതവണ മുഖ്യമന്ത്രിയായ കെ. കരുണാകരന് എറണാകുളം സ്വന്തം നാടുപോലെയായിരുന്നു. മകൾ പത്മജ വേണുഗോപാൽ താമസിച്ച പനമ്പിള്ളിനഗറിലെ വീട് അദ്ദേഹത്തിന്റെ പ്രിയകേന്ദ്രമായിരുന്നു. അവിടെ താമസിക്കുന്ന ദിവസങ്ങൾ ഭരണ, രാഷ്ട്രീയ കേന്ദ്രമായി മാറിയിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കലൂരിലെ അന്താരാഷ്ട്ര സ്റ്റേഡിയം തുടങ്ങി കൊച്ചിയുടെ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികൾ ആവിഷ്കരിച്ചതും നടപ്പാക്കിയതും ലീഡർ കെ. കരുണാകരനാണ്.

മൂന്നുതവണ മുഖ്യമന്ത്രിയായ എ.കെ. ആന്റണി ആലപ്പുഴ സ്വദേശിയാണെങ്കിലും കൊച്ചിയായിരുന്നു ദീർഘകാലം കർമ്മമേഖല. പഠനത്തിനായെത്തിയ അദ്ദേഹം വർഷങ്ങളോളം എറണാകുളത്ത് താമസിച്ചിട്ടുണ്ട്.