ആംബുലൻസിലെത്തിയ യുവതിയെ കാണാൻ ജഡ്‌ജിമാർ കോടതി വളപ്പിൽ
കൊച്ചി: ഭർത്താവിന്റെ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് ആംബുലൻസിൽ ഹൈക്കോടതിയിൽ ഹാജരായ യുവതിയെ കാണാൻ ജഡ്‌ജിമാർ കോടതി വളപ്പിലെത്തി. കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ചിലെ ജഡ്‌ജിമാരാണ് ഹൈക്കോടതി വളപ്പിലെത്തിച്ച ആംബുലൻസിൽ കയറി യുവതിയെ കണ്ടത്. ആലപ്പുഴ വണ്ടാനം സ്വദേശി ശ്രീശാന്താണ് ഹർജിക്കാരൻ.
കോലഞ്ചേരി വടയമ്പാടി സ്വദേശിനിയും ആയുർവേദ ഡോക്ടറുമായ യുവതി ജൂലായ് ഏഴിനാണ് ശ്രീശാന്തിനൊപ്പം പോയത്. തുടർന്ന് യുവതിയെ കാണാനില്ലെന്ന പിതാവ് സജുവിന്റെ പരാതിയിൽ ജൂലായ് പത്തിന് ശ്രീശാന്ത് പെൺകുട്ടിയെ കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. നിയമപ്രകാരം വിവാഹം കഴിച്ചെന്നും ശ്രീശാന്തിനൊപ്പം പോകാനാണിഷ്ടമെന്നും പെൺകുട്ടി അറിയിച്ചതോടെ കോടതി ഇതനുവദിച്ചു.
എന്നാൽ തനിക്കൊപ്പം വന്ന പെൺകുട്ടിയെ പിതാവും കൂട്ടാളികളും ചേർന്ന് ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടുപോയെന്നാണ് ശ്രീശാന്തിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ യുവതിയെ തിരിച്ചു ആശുപത്രിയിലേക്ക് മടക്കിയ ഡിവിഷൻബെഞ്ച് കോടതി ഉത്തരവില്ലാതെ ഇവരെ ഡിസ്ചാർജ് ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി 30നു വീണ്ടും പരിഗണിക്കും.
യുവതിയെ 21ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കോടതിയിലേക്കുള്ള യാത്രയ്‌ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ കടവന്ത്രയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എതിർ കക്ഷികൾ മറുപടി നൽകി. തുടർന്ന് 23ന് ഹാജരാക്കാൻ നിർദ്ദേശിച്ചെങ്കിലും കൂടുതൽ പരിശോധനകൾ നടക്കുന്നതിനാൽ പൊലീസ് സമയം തേടി. തുടർന്നാണ് ഇന്നലെ ആംബുലൻസിലെത്തിച്ചത്.