മദിരാശിയിൽ പ്രൗഢഗംഭീരമായ ഒരു സാഹിത്യസമ്മേളനം നടക്കുകയാണ്. പ്രശസ്തരായ പല സാഹിത്യകാരന്മാരും പ്രസംഗിച്ചുകഴിഞ്ഞു. സമ്മേളനവേദിയിലേക്ക് പ്രസംഗിക്കുന്നതിനായി ഒരാൾ കടന്നുവന്നു. കോലംകെട്ട ഒരു മനുഷ്യരൂപം. മുഷിഞ്ഞ മുണ്ടും ജുബ്ബയുമാണ് വേഷം. കരിപുരണ്ടതാണ് മുഖം. സദസ്യരുടെ ശ്രദ്ധ ആ രൂപത്തിലായി. അദ്ധ്യക്ഷൻ അടുത്തു പ്രസംഗിക്കുന്നതിനായി ഒരു പേര് വിളിച്ചു- പി. കേശവദേവ്. അയാൾ എഴുന്നേറ്റ് മൈക്കിനെ സമീപിച്ചു. പ്രസംഗം ആരംഭിച്ചു.
''മാന്യരേ, ഞാൻ തീവണ്ടി സ്റ്റേഷനിൽ നിന്ന് നേരെ വരികയാണ്. ഇന്ന് വണ്ടിയെത്താൻ വൈകിപ്പോയി. നിങ്ങൾ കാണുന്നില്ലേ, എന്റെ വസ്ത്രമാകെ കരിയും പുകയും കലർന്നിരിക്കുന്നു. സമയം തെറ്റിക്കേണ്ടെന്നു കരുതി നേരെ ഇങ്ങോട്ടുപോന്നു. ഈ വേഷം കണ്ട് ആർക്കും വിഷമം തോന്നരുത്. വേദിയിലിരിക്കുന്നവരെപ്പോലെ ഞാൻ ആഢ്യവർഗത്തിൽപ്പെട്ടവനല്ല. ഞാൻ സാഹിത്യത്തിലെ പറയനാണ്. മനുഷ്യത്വം ഓടയിൽ കണ്ടെത്തിയ പറയൻ...""
സദസിൽ നിന്ന് ഇടിമുഴങ്ങുന്ന ശബ്ദത്തിൽ ഹർഷാരവമുയർന്നു. ദേവ് പ്രസംഗം തുടർന്നു: ''പുരാണങ്ങൾ വായിച്ചും പഠിച്ചും തുടർന്നുപോരുന്ന രചനാരീതിയല്ല എന്റേത്. ജീവിതാനുഭവങ്ങളാണ് എന്റെ രചനയ്ക്ക് ബലം."" വേദിയിലും മുൻനിരയിലും ഇരുന്ന സാഹിത്യ തമ്പുരാക്കന്മാർ അമ്പരന്നു. താൻ സാഹിത്യത്തിലെ പറയനാണെന്ന് ഒരു സാഹിത്യകാരൻ നിറഞ്ഞ സദസിനെ നോക്കി പറയുന്നത് ഇതാദ്യമാണ്. ഭാരവാഹികളും ക്ഷണിക്കപ്പെട്ടവരുമൊക്കെ പലപ്പോഴും തമ്പുരാൻഭാവം പ്രകടിപ്പിക്കുന്നവരാണ്. അത്തരക്കാർക്കേറ്റ കനത്ത പ്രഹരമാണ് കേശവദേവിൽ നിന്നുണ്ടായത്.
സമ്മേളനങ്ങളിൽ മാത്രമല്ല, മറ്റുപല രംഗങ്ങളിലും അധികാരം കയ്യാളുന്നവർ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അകറ്റിനിറുത്താറുണ്ട്. ഈ അനീതിക്കെതിരെയാണ് കേശവദേവ് 'പറയൻ" പ്രയോഗം നടത്തിയത്. സമൂഹത്തിലെ ജീർണതയ്ക്കും അസമത്വത്തിനുമെതിരെ കൊടുങ്കാറ്റുണർത്തി വിട്ട പ്രതിഭാശാലിയാണ് പി. കേശവദേവ്. പട്ടിണികിടന്നും ക്ളേശങ്ങൾ സഹിച്ചും അദ്ദേഹം പലപ്പോഴും അഗ്നിപർവതംപോലെ പൊട്ടിത്തെറിച്ചു. ഒരു പുതിയ സമൂഹത്തിന്റെ മുഖം കാണുന്നതിനായി അദ്ദേഹം തന്റെ ജീവിതം ബലിയർപ്പിച്ചു. പ്രസംഗവും എഴുത്തുമായിരുന്നു അദ്ദേഹത്തിന്റെ ആയുധങ്ങൾ.
പ്രശസ്തിക്കുവേണ്ടിയല്ല കേശവദേവ് തൂലിക കൈയിലെടുത്തത്. എഴുതുവാൻ വേണ്ടി എഴുതുന്നവരുണ്ട്. എഴുതാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് എഴുതുന്നവരുണ്ട്. നിവൃത്തിയില്ലാത്തതുകൊണ്ട് എഴുതിത്തുടങ്ങിയതാണ് ദേവ് അദ്ദേഹം എഴുതി: '' സത്യമേ ഞാൻ എഴുതിയിട്ടുള്ളു. സത്യത്തിന് കലാസൗന്ദര്യം കൊടുക്കുവാൻ ശ്രമിച്ചിട്ടുണ്ടുതാനും."" കേശവദേവ് വിട പറഞ്ഞിട്ട് 42 വർഷങ്ങളാകുന്നു. കേശവദേവിനെ നാം മറന്നുകഴിഞ്ഞു. ദേവിനോടു മാത്രമല്ല, നമ്മുടെ സംസ്കാരത്തോടും നാം കാണിച്ച നന്ദികേടാണിത്. ഓടയിൽനിന്ന്, അയൽക്കാർ, ഭ്രാന്താലയം, മാതൃഹൃദയം തുടങ്ങി 25-ലധികം നോവലുകളും എണ്ണമറ്റ കഥകളും 12 നാടകങ്ങളും മൂന്ന് ഏകാങ്കങ്ങളും ആ പൊൻതൂലികയിൽനിന്ന് ഉതിർന്നു വീണിട്ടുണ്ട്.
കേസരി ബാലകൃഷ്ണപിള്ള ദേവിനെ മഹാകവിയെന്നാണ് വിളിച്ചിരുന്നത്. നോവലിസ്റ്റും ദേവിന്റെ സുഹൃത്തുമായിരുന്ന കെ. സുരേന്ദ്രൻ എഴുതി: ''വലതുകൈയിൽ തൂലികയും ഇടതുകൈയിൽ വിപ്ളവത്തിന്റെ തീപ്പന്തവുമേന്തി കേരള ചരിത്രത്തിൽ അൻപത് വർഷത്തോളം അജയ്യനായി ദേവ് നിലകൊണ്ടു."" തിളച്ചുമറിയുന്ന ഒരു വികാരവിശേഷം എന്നാണ് ഉറൂബ് ദേവിനെ വിശേഷിപ്പിച്ചത്. അങ്ങനെയുള്ള ഒരു പ്രതിഭയെയാണ് മലയാളികൾ മറന്നുകളഞ്ഞത്. ദേവിന് ഇത് അറിയാമായിരുന്നുവെന്നുതോന്നുന്നു. കത്തിജ്വലിച്ചുനിന്നപ്പോൾ ദേവ് എഴുതി: ''സകലരാലും തെറ്റിദ്ധരിക്കപ്പെടുക, സകലരാലും എതിർക്കപ്പെടുക- അതൊരു രസമല്ലേ? എന്റെ ജീവിതത്തിലെ ഓരോ ഇഞ്ചും ഞാൻ സമരം ചെയ്തു കയറിയതാണ്. പ്രോത്സാഹജനകമായ ഒരുവാക്കുപോലും എനിക്ക് ലഭിച്ചിട്ടില്ല. ഇപ്പോൾ സമരം എന്റെ ജീവിതത്തിന്റെ നിലനില്പിനുതന്നെ ആവശ്യമായിത്തീർന്നിരിക്കുന്നു. എന്നെ മറ്റുള്ളവർ എതിർക്കാതിരിക്കുമ്പോൾ അവർ എന്നെ വിസ്മരിച്ചു എന്നാണ് എനിക്കു തോന്നുന്നത്.""
കേരളത്തിൽ കമ്മ്യൂണിസത്തിന്റെ വിത്തിട്ടവരിൽ കേശവദേവുമുണ്ട്. പിന്നീട് അദ്ദേഹം കമ്മ്യൂണിസത്തിന്റെ നമ്പർവൺ ശത്രുവായി. എതിർക്കുന്നവരെ വെടിവച്ചുകൊല്ലുക എന്ന സ്റ്റാലിൻ നടപടിയോടെയാണ് അദ്ദേഹം കമ്മ്യൂണിസത്തോട് വിട പറഞ്ഞത്. ഇ.എം.എസ്. എഴുതി: ''ഞങ്ങളെ എതിർക്കുമ്പോഴും ഞങ്ങളുടെ കൂടെ നിന്നപ്പോഴും ഒന്നാന്തരം സഹപ്രവർത്തകൻ. അതുപോലെതന്നെ ശക്തനായ എതിരാളി എന്നെല്ലാമുള്ള നിലയ്ക്ക് അരനൂറ്റാണ്ടുകാലം കേശവദേവ് വഹിച്ച പങ്ക്, അദ്ദേഹം കാണിച്ച മാതൃക അതിനു മുന്നിൽ ആദര ബഹുമാനങ്ങൾ അർപ്പിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല.""
സി. അച്ചുതമേനോൻ എഴുതി: ''മലയാള സാഹിത്യത്തിൽ ആദ്യമായി കേശവദേവിന്റെ കൃതികളിൽ റിക്ഷാക്കാരനും ചുമട്ടുകാരനും ബോട്ടുകാരനും നെയ്ത്തുകാരനും നായകന്മാരായും, അടിച്ചുതളിക്കാരിയും മീൻകാരിയും നായികമാരായും പ്രത്യക്ഷപ്പെട്ടു. പാവപ്പെട്ട മനുഷ്യരുടെ രൂക്ഷമായ ജീവിതസമരവും അവരുടെ കൊച്ചുകൊച്ചു സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ അനുപമ ചാരുതയോടെ ദേവ് വരച്ചുകാട്ടി.""
(ലേഖകന്റെ ഫോൺ: 0471 2450429)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |