SignIn
Kerala Kaumudi Online
Friday, 11 September 2026 6.47 AM IST

ഇനി മനുഷ്യർക്ക് പ്രശ്‌നമുണ്ടാക്കുന്ന കാട്ടാനകളെ വിടില്ല, കുങ്കികളാക്കാൻ സർക്കാർ, സൂചന പുറത്ത്

aaralam

കണ്ണൂർ:ആറളം ഫാമിലും പുനരധിവാസമേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള സാദ്ധ്യത സർക്കാർ ആലോചിക്കുന്നു. കണ്ണൂർ, ആറളം വന്യജീവി ഡിവിഷനുകളിലെ മനുഷ്യവന്യജീവി സംഘർഷം നേരിടുന്നതിന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആറളം വളയംചാലിൽ നിർവഹിക്കുന്നതിനിടെയാണ് മന്ത്രി സർക്കാരിന്റെ ആലോചന സംബന്ധിച്ച് സൂചന നൽകിയത്.


സംസ്ഥാനത്ത് മനുഷ്യവന്യജീവി സംഘർഷം നേരിടുന്ന മേഖലകളെ മനുഷ്യവന്യജീവി സൗഹൃദ മേഖലകളാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. വ്യാപകപരാതിയുയർന്ന സാഹചര്യത്തിൽ ഫാം പ്രദേശത്ത് 76.5 കിലോമീറ്റർ ദൂരത്തിൽ വിവിധ തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയതായി മന്ത്രി വിശദീകരിച്ചു. ഇനി കുറച്ചു ഭാഗങ്ങളിൽകൂടി പ്രതിരോധം ഉറപ്പുവരുത്തിയാൽ പ്രദേശം പൂർണമായും സുരക്ഷിതമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


മിഷൻ ഫെൻസിംഗിന്റെ ഭാഗമായി കൊട്ടിയൂർ റേഞ്ചിലെ മണത്തണ, കീഴ്പ്പള്ളി സെക്ഷനുകളിൽ നബാർഡ് ട്രാഞ്ചെ 28 ൽ ഉൾപ്പെടുത്തി നിർമ്മിച്ച 6.3 കിലോമീറ്റർ തൂക്കുവേലി ഇന്നലെ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിന് പുറമെ വനം ജീവനക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണവം, തളിപ്പറമ്പ് റെയ്ഞ്ചുകളിൽ നിർമ്മിച്ച ബാരക്കുകൾ, ജില്ലയിൽ മനുഷ്യവന്യജീവി സംഘർഷം രൂക്ഷമായ ആറളം, കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, മുഴക്കുന്ന്, കണിച്ചാർ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളിൽ രൂപീകരിച്ച സന്നദ്ധ പ്രാഥമിക പ്രതികരണ (പി.ആർ.ടി.) സേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ സമാപനം എന്നിവയും വളയംചാലിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ആറളം പുനരധിവാസ മേഖലയിലേക്കുള്ള ആറളം വന്യജീവി ഡിവിഷന്റെ സഞ്ചരിക്കുന്ന വായനശാലയുടെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു.


അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജേഷ്, അഡ്വ.സാജു സേവ്യർ, സി ടി.അനീഷ്, റോയ് നമ്പുടാകം, ആന്റണി സെബാസ്റ്റ്യൻ, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ആറളം പഞ്ചായത്ത് അംഗങ്ങളായ ഇ.സി രാജു, മിനി ദിനേശൻ, കണ്ണൂർ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ.അഞ്ജൻ കുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.പി.രവീന്ദ്രനാഥൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ELEPHANT, KUMKI, AARALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA