മലയാളത്തിലെ യുവ നടന്മാരിലൊരാളായ അർജുൻ അശോകൻ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായ് മാറിയത്. ഹരിശ്രീ അശോകന്റെ മകൻ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചത് തന്റെ കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ്.
ഇപ്പോഴിതാ അച്ഛനുള്ളതുകൊണ്ടാണോ സിനിമയിലേക്കുള്ള എൻട്രിയും നിലനിൽപ്പും കുറച്ചു കൂടി എളുപ്പമാക്കിയതെന്ന അവതാരകയുടെ ചോദ്യത്തിന് അർജുൻ അശോക് പറഞ്ഞ രസകരമായ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
'ഞാൻ ആദ്യം അങ്ങനെയല്ല ചിന്തിച്ചത്. അച്ഛനുള്ളതു കൊണ്ടാണ് എനിക്ക് സിനിമയിലേക്കുള്ള വരവ് എളുപ്പമായതും ആൾക്കാർ തിരിച്ചറിയുന്നതും. അശ്വന്ത് കോക്ക് അദ്ദേഹം പോലും ഒരു റിവ്യൂവിൽ പറയാറുണ്ട് ഹരിശ്രീ അശോകന്റെ മകനും മുകേഷിന്റെ മകനും എന്നൊക്കെ പറഞ്ഞ് കംപെയർ ചെയ്യുന്നത്. ഞാൻ അത്യാവശ്യം പത്ത് മുപ്പത്താറ് പടം ചെയ്തിട്ടുണ്ടെങ്കിലും അവർ അങ്ങനെയാണ് പറയുന്നത്. അത് അടിപൊളിയല്ലെ അങ്ങനെ അച്ഛന്റെ പേരിൽ അറിയപ്പെടുന്നത്'.- താരം പറഞ്ഞു.
'അതിന് അച്ഛനോട് നേരിട്ട് നന്ദി പറയേണ്ട ആവശ്യമില്ല പ്രകടിപ്പിച്ചാൽ മതി. സിനിമയിൽ വരുന്ന സമയം കുറേ കഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് അച്ഛനും സിനിമയിൽ ഉണ്ടായിരുന്നില്ല. അത്യാവശ്യം കുറേ പേരെ കണ്ടിരുന്നു. ഓഡീഷനൊന്നും പോയിട്ടുണ്ടായിരുന്നില്ല. എന്നാലും ഞാൻ ചില ഡയറക്ടേഴ്സിന് ഫോട്ടോസൊക്കെ അയച്ചു കൊടുത്തിരുന്നു. പക്ഷേ ആരും വിളിച്ചില്ല. ആദ്യത്തെ രണ്ട് പടങ്ങളും പാളി. പറവയിലാണ് ശ്രദ്ധിക്കപ്പെട്ടത്'.- അർജുൻ അശോകൻ പറഞ്ഞു.
മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന തലവര എന്ന ചിത്രത്തിൽ വേറിട്ട ലുക്കിലാണ് അർജുൻ അശോകൻ എത്തുന്നത്. അഖിൽ അനിൽകുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15നാണ് തിയേറ്ററിൽ എത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |