SignIn
Kerala Kaumudi Online
Friday, 23 January 2026 6.57 AM IST

യുവതയ്ക്ക് അവസരമുണ്ടോ?

Increase Font Size Decrease Font Size Print Page
s

പ്രത്യയശാസ്ത്രം പ്രധാനം

പ്രായം ഘടകമല്ല

വി. വസീഫ്

(ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്)

? യുവത വരുന്നതിന് പാർട്ടി തടസമാകുന്നുണ്ടോ?

 ഡി.വൈ.എഫ്.ഐയെ സംബന്ധിച്ച് പ്രത്യേകിച്ച് അവകാശവാദങ്ങളില്ല. കഴിഞ്ഞ കുറേക്കാലമായി മത്സരരംഗത്ത് യുവതയുടെ മുന്നേറ്റമുണ്ട്. പാർട്ടി അതിന് തടസം നിൽക്കാറില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻഗണന യുവതയ്ക്കായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും അത് പ്രകടമാവും. അതേസമയം, മുതിർന്നവർ വഴിമാറി നിൽക്കട്ടെ എന്ന അഭിപ്രായം ഡി.വൈ.എഫ്.ഐക്കില്ല. മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും പരിചയവും പ്രധാനമാണ്. അവർ തന്നെയാണ് നയിക്കേണ്ടത്. ഒപ്പം, യുവതയുടെ മുന്നേറ്റവും ഉണ്ടാകും.

? തദ്ദേശത്തിലേറ്റ തിരിച്ചടി ഇത്തവണ പ്രതിസന്ധിയല്ലേ. ഡി.വൈ.എഫ്.ഐ മൂന്നാം ഇടത് സർക്കാർ

പ്രതീക്ഷിക്കുന്നുണ്ടോ.

 സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പ്രാദേശികമാണ്; നിയമസഭ കേരളീയ മന:സാക്ഷിയുടെ വിലയിരുത്തലും. കഴിഞ്ഞ പത്തുവർഷക്കാലം കേരളം നേടിയ വികസന നേട്ടങ്ങളെ കേവലം ആരോപണങ്ങൾകൊണ്ട് മറച്ചുപിടിക്കാനാവില്ല. ജനം എല്ലാം കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ,​ ഫലം ഇടതുപക്ഷത്തിന് അനുകൂലമാവും.

? ഡി.വൈ.എഫ്.ഐ ഇത്തവണ എത്ര സീറ്റിൽ മത്സരിക്കും.

 അതെല്ലാം പാർട്ടി തീരുമാനങ്ങളാണ്. ജയസാദ്ധ്യതയുള്ള സീറ്റുകളിൽ അർഹമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ. മറ്റ് പാർട്ടികളിലെപ്പോലെ സീറ്റുകൾക്കായി കടിപിടികൂടുന്ന സാഹചര്യം ഡി.വൈ.എഫ്.ഐക്കില്ല.

? വസീഫ് കോഴിക്കോട് നോർത്തിൽ മത്സരിക്കുന്നുണ്ടോ.

 ഞാൻ മുകളിൽ പറഞ്ഞതാണ് വസ്തുത. പാർട്ടി തീരുമാനിക്കും. കേരളത്തിൽ ഏതു സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാലും മത്സരിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്.

----------------------------------------

മന്ത്രിസഭയിലും

വേണം,​ യുവത

ഒ.ജെ.ജനീഷ്

(യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)

? രാഷ്ട്രീയ പാർട്ടികളിൽ യുവത അനുഭവിക്കുന്ന പ്രതിസന്ധി.

 കോൺഗ്രസിന്റെ കാര്യം മാത്രമല്ല പറയുന്നത്. കേരളത്തിലെ പൊതുവായ രാഷ്ട്രീയമാണ് പറയുന്നത്. യുവാക്കൾ സമരം ചെയ്യാൻ മാത്രമുള്ളവരാണെന്നും,​ അധികാരം മുതിർന്നവർക്കുള്ളതാണെന്നുമുള്ള കീഴ് വഴക്കം മറണം. യുവാക്കളുടെ പ്രശ്‌നങ്ങൾ അഡ്രസ് ചെയ്യാൻ യുവാക്കൾതന്നെ വരണം. അവർക്ക് അവസരങ്ങളുണ്ടാവണം.

? എല്ലാ രാഷ്ട്രീയ പാർട്ടികളും യുവാക്കൾക്ക് അവസരം നൽകാറുണ്ടല്ലോ.

 അവസരങ്ങളൊക്കെ നൽകാറുണ്ട്. പക്ഷെ കോൺഗ്രസിന്റെ കാര്യം മാത്രമെടുത്താൽ ജയിക്കുന്ന സീറ്റുകളിൽ മത്സരിക്കാൻ നെട്ടോട്ടമോടുകയാണ് മുതിർന്ന നേതാക്കൾ. അതുകഴിഞ്ഞ് ബാക്കി സീറ്റുകൾ യുവതയ്ക്കു കൊടുത്തിട്ട് എന്തു കാര്യം?​ കേവലം,​ മത്സരിച്ചോട്ടെ എന്ന നിലപാട് ശരിയല്ല. സാദ്ധ്യതയുള്ള സീറ്റുകൾ നൽകണം. ജയിച്ചതുകൊണ്ടു മാത്രം തീരുന്നില്ല- അവർക്ക് മന്ത്രിസഭയിലും അവസരം നൽകണം. അപ്പോഴേ കേരളത്തിലെ യുവതയുടെ പ്രശ്‌നങ്ങൾ അഡ്രസ് ചെയ്യാനാവൂ. അല്ലാതെ,​ യുവാക്കളെ പരിഗണിച്ചെന്ന അവകാശവാദം കൊണ്ടു മാത്രം കാര്യമില്ല.

? യൂത്ത് കോൺഗ്രസ് ഇത്തവണ എത്ര സീറ്റാണ് ആവശ്യപ്പെടുന്നത്.

 കഴിഞ്ഞ തവണ 12 സീറ്റ് കിട്ടിയിട്ടുണ്ട്. അതെല്ലാം യൂത്ത് കോൺഗ്രസ് നേതാക്കളാവണമെന്ന അവകാശ വാദമില്ല. പക്ഷെ നിലവിലുള്ളതിന്റെ ഇരട്ടിയിലെങ്കിലും യുവാക്കൾ വരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ വലിയ വിഭാഗം യുവാക്കളാണ്. ജനം അവരെ അംഗീകരിക്കുന്നുണ്ട്. അപ്പോൾ പുതുമുഖങ്ങളെന്നു കരുതി മാറ്റിനിറുത്തരുത്.

? യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ എവിടെയാണ് മത്സരിക്കുന്നത്.

 എനിക്കായി ഞാൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പരിഗണന ഉണ്ടാകുമെന്നാണ് വിശ്വാസം. മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. താൽപര്യം കൊടുങ്ങല്ലൂരാണ്.

----------------------------------

അവർക്കും ജയിക്കുന്ന

സീറ്റുകൾ വേണം

വി. മനു പ്രസാദ്

(യുവമോർച്ച സംസ്ഥാന പ്രസിഡന്റ്)

? മുതിർന്നവർ വഴിമാറേണ്ട കാലമായോ.

 അങ്ങനെയൊരു അഭിപ്രായമില്ല. മുതിർന്നവർ നയിക്കണം. പക്ഷെ അർഹിക്കുന്ന പരിഗണന യുവാക്കൾക്ക് കിട്ടണം. ഇക്കാര്യം സംസാരിക്കുമ്പോൾ ബി.ജെ.പി അഭിമാനകരമായ സമ്മാനമാണ് രാജ്യത്തെ യുവതയ്ക്ക് നൽകിയിരിക്കുന്നത്. 45 വയസുകാരനായ നിതിൻ നബീൻ അഖിലേന്ത്യാ പ്രസിഡന്റായി വന്നിരിക്കുന്നു. രാജ്യത്ത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് സങ്കല്പിക്കാനാവുമോ ഈ മാറ്റം?​ യുവതയ്ക്കുള്ള വലിയ പ്രഖ്യാപനമാണിത്.

? കേരളത്തിലെ തിരഞ്ഞെടുപ്പിൽ യുവതയുടെ സ്ഥാനം എന്താവും.

 ഒരു തലമുറമാറ്റം എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉണ്ടാവണം. വർഷങ്ങളായി ഒരുസ്ഥലത്തു നിന്ന് മത്സരിച്ച് എം.എൽ.എയും മന്ത്രിയുമായവർ മാറിക്കൊടുക്കണം. എന്നിട്ട് അവരുടെ നിയന്ത്രണത്തിൽ പുതിയൊരു തലമുറയെ വാർത്തെടുക്കണം.

? യുവമോർച്ചയ്ക്ക് എത്ര സീറ്റ് കിട്ടും..?

 കഴിഞ്ഞ കാലങ്ങളിൽ ഏഴുസീറ്റു വരെ യുവമോർച്ചയ്ക്ക് കിട്ടിയിട്ടുണ്ട്. കെ. സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായിരിക്കുമ്പോൾ കേരളത്തിൽ എ ക്ലാസ് സീറ്റ് കൊടുത്തിട്ടുണ്ട്. ജയസാദ്ധ്യതയുള്ള സീറ്റുകൾ കിട്ടണം. മത്സരിക്കാൻ എന്നോട് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും.

? വട്ടിയൂർക്കാവിൽ മത്സരിക്കുമോ.

 എവിടെ മത്സരിക്കാൻ പറഞ്ഞാലും മത്സരിക്കും. വട്ടിയൂർക്കാവിൽ ആയാലും നേമത്തായാലും മത്സരിക്കും.

-----------------

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.