രാവിലെ (ഇന്നലെ) 'കേരളകൗമുദി"യുടെ എഡിറ്റോറിയൽ പേജ് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. 'റോഡ് നവീകരണത്തിന് ബദലുണ്ട്" എന്ന തലക്കെട്ടിൽ വിശദമായ ഒരു ലേഖനം 'കൗമുദി"യുടെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെ പോസീറ്റീവും അറിവ് പകരുന്നതുമായ ഒരു ലേഖനമാണ് 'കേരളകൗമുദി" പ്രസിദ്ധീകരി ച്ചത്. ലേഖനമെഴുതിയ ടോമി വർഗീസ് മണ്ണടിയെയും, അതു പ്രസിദ്ധീകരിച്ച 'കേരളകൗമുദി"യെയും അഭിനന്ദിക്കുന്നു. വികസനോന്മുഖ മാദ്ധ്യമ പ്രവർത്തനത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ 'കേരളകൗമുദി" തയ്യാറായതിന് പ്രത്യേകമായി അഭിനന്ദിക്കുന്നു.
സന്തോഷത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ഈ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ 'റീക്ലെയ്മ്ഡ് അസ്‌ഫാൾട്ട് പേവ്മെന്റ്" (RAP) സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഒരു യോഗം നേരത്തേ തന്നെ ഷെഡ്യൂൾ ചെയ്തിരുന്നു. മുമ്പ് നടത്തിയ യോഗങ്ങളുടെ തുടർച്ചയായിരുന്നു ഈ യോഗവും. കേരളത്തിൽ ഈ സാങ്കേതികവിദ്യ നടപ്പാക്കുന്നതു സംബന്ധിച്ചുള്ള ആലോചനകൾക്കാണ് യോഗങ്ങൾ. മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധരും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (KHRI) ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനിയർമാരും ചേർന്നുള്ള ഒരു യോഗമായിരുന്നു നടന്നത്. ആ യോഗത്തിലേക്കുള്ള ഊർജ്ജമായിരുന്നു 'കേരളകൗമുദി"യുടെ ലേഖനം.
ഇന്നലെത്തന്നെ തീരുമാനം!
ഇനി മറ്റൊരു സന്തോഷം കൂടി അറിയിക്കട്ടെ. ആ യോഗം നടന്നു. വളരെ അർത്ഥവത്തായ ചരച്ചകളുണ്ടായി. കേരളത്തിൽ 'റീക്ലെയ്മ്ഡ് അസ്‌ഫാൾട്ട് പേവ്മെന്റ് (RAP)" സാങ്കേതികവിദ്യയിൽ റോഡ് നിർമ്മാണം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. കേരളത്തിൽ പശ്ചാത്തല വികസന മേഖലയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നത് ഈ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ പ്രഖ്യാപിത നയമാണ്. വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളും, അത്തരം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിൽ, കേരളത്തിൽ അനുയോജ്യമാകുമോ എന്ന് പരിശോധിക്കാൻ തീരുമാനിച്ച പദ്ധതിയായിരുന്നു 'റീക്ലെയ്മ്ഡ് അസ്‌ഫാൾട്ട് പേവ്മെന്റ്."
ഈ മേഖലയിലെ വിദഗ്ദ്ധരായ മദ്രാസ് ഐ.ഐ.ടിയുമായി കെ.എച്ച്.ആർ.ഐ നേരത്തേ തന്നെ ചർച്ചകൾ നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലം മുതൽ പ്രാവച്ചമ്പലം വരെയുള്ള റോഡിൽ നടത്തിയ വിശദമായ പരിശോധനാഫലവും കൊണ്ടായിരുന്നു ഉദ്യോഗസ്ഥർ ചൊവ്വാഴ്ചത്തെ (ഇന്നലത്തെ)യോഗത്തിൽ എത്തിയത്. ഈ റോഡിൽ പൈലറ്റ് പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന നിർദ്ദേശവും അവർ മുന്നോട്ടുവച്ചു. 12.5 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് വിശദമായ ഭരണാനുമതി നൽകാൻ ധനകാര്യ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കരാറുകാർക്ക് പരിശീലനം നല്‍കുവാനും തീരുമാനമായി. പദ്ധതി നടപ്പാക്കിയാൽ റോഡിന്റെ ഉപരിതലം പുനരുപയോഗിക്കാൻ കഴിയും എന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. സാധാരണ ബി.സി ഓവർലേയെക്കാൾ ചെലവ് കുറവായിരിക്കും RAP എന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് നിരവധി പുതിയ സാങ്കേതികവിദ്യകൾ ഇതിനകം തന്നെ നടപ്പാക്കിവരുന്നുണ്ട്. റോഡ് മുഴുവനായും പൊളിച്ചെടുത്ത് പുനരുപയോഗം ചെയ്യുന്ന 'ഫുൾഡെപ്ത് റിക്ലമേഷൻ" സംസ്ഥാനത്ത് വ്യാപകമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. റോഡിന്റെ ഉപരിതലം മാത്രം പൊളിച്ച് പുതിയ ഉപരിതലം പുനർനിർമ്മിക്കുന്ന മില്ലിംഗ് രീതിയും പലയിടത്തായി നടപ്പാക്കി. റോഡുകൾ കൂടുതൽ ബലപ്പെടുത്തുന്നതിനുള്ള ജിയോ ടെക്സ്റ്റൈൽസ് രീതിയും നടപ്പാക്കിവരുന്നു. ഈ നിലയിൽ കേരളത്തിന്റെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായ സാങ്കേതികവിദ്യകൾ ഈ മേഖലയിൽ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകാനാണ് തീരുമാനം. അതിന് 'കേരളകൗമുദി"യുടെയും വായനക്കാരുടെയും എല്ലാ പിന്തുണയും അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |