
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഇന്നലെ ഗവർണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സർക്കാരും ഗവർണറും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
ഡിജിറ്റൽ സർവകലാശാലാ വി.സിയായി ഡോ.സജിഗോപിനാഥിനെ നിയമിക്കണമെന്ന നിലപാടിൽ മന്ത്രിമാരും ഡോ.സിസാതോമസിനെ നിയമിക്കുമെന്ന വാദത്തിൽ ഗവർണറും ഉറച്ചു നിന്നു. മുൻഗണനാക്രമം നിശ്ചയിച്ച് നിയമനത്തിനുള്ള പട്ടിക നൽകിയ മുഖ്യമന്ത്രിയല്ലേ ചർച്ചയ്ക്ക് വരേണ്ടതെന്ന് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലെന്നായിരുന്നു മറുപടി.
സിസാതോമസ് കാര്യക്ഷമതയില്ലാത്തയാളാണെന്ന മുഖ്യമന്ത്രിയുടെ കുറിപ്പിനെയും ഗവർണർ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിലെ വിദഗ്ദ്ധ സമിതികളിൽ സിസാതോമസിനെ നേരത്തേ നിയമിച്ചത് അവരുടെ കഴിവിൽ വിശ്വാസമുള്ളതിനാലാണ്. പിന്നീട് വി.സിയായി പരിഗണിക്കുമ്പോൾ തടസവാദമുന്നയിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. മുഖ്യമന്ത്രി നൽകിയ പേരുകൾ അതേപടി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി മെരിറ്റ് പരിഗണിച്ചില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മുൻഗണനാ ക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറിയതെന്ന് മന്ത്രിമാർ അറിയിച്ചു. സാങ്കേതിക സർവകലാശാലയിൽ ഡോ.സതീഷ് കുമാറിനെയും ഡിജിറ്റലിൽ ഡോ.സജി ഗോപിനാഥിനെയുമാണ് ഒന്നാം പേരായി മുഖ്യമന്ത്രി ശുപാർശ ചെയ്തത്. സിസയെ നിയമിക്കരുതെന്ന് പ്രത്യേകം കുറിപ്പും നൽകി. എന്നാൽ സാങ്കേതിക സർവകലാശാലയിൽ ഡോ.ബിന്ദുവിനെയും ഡിജിറ്റലിൽ ഡോ.സിസയെയും വിസിയായി നിയമിക്കാമെന്ന സത്യവാങ്മൂലമാണ് ഗവർണർ സുപ്രീംകോടതിയിൽ നൽകിയത്.
സുപ്രീം കോടതി
നിശ്ചയിക്കും
ഗവർണറും സർക്കാരും സമവായത്തിലെത്തിയില്ലെങ്കിൽ വി.സി നിയമനം കോടതി നടത്തുമെന്നാണ് സുപ്രീംകോടതി നിലപാട്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. സുപ്രീംകോടതി നേരിട്ട് വി.സി നിയമനം നടത്തിയാൽ വിശാല ബെഞ്ചിൽ പുന:പരിശോധനാ ഹർജി നൽകാനാണ് ഗവർണറുടെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |