
കണ്ണൂർ: കാഴ്ചപരിമിതിയുള്ളവർ, ഓട്ടിസം ബാധിതർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, സംസാരശേഷിയില്ലാത്തവർ.. പിലാത്തറ പുത്തൂരിലെ ശീരവള്ളി ഇല്ലത്തിന്റെ അകത്തളങ്ങളിൽ അവർ അയ്യപ്പ ദർശനത്തിനൊരുക്കുകയാണ്, കിറ്റുകൾ. ഇവരാരും മലചവിട്ടിയിട്ടില്ല. ഇനി അയ്യനെ കാണാനാകുമോയെന്നും അറിയില്ല. എന്നാൽ ഇവർ ഒരുക്കുന്ന കിറ്രുകൾ അയ്യനെ കാണും. ആ പ്രാർത്ഥനയിലാണ് ഇൻസ്പയർ എന്ന ഭിന്നശേഷി കൂട്ടായ്മയിൽപ്പെടുന്ന ഇരുപതോളം പേർ അയ്യപ്പ ഭക്തർക്കായുള്ള കിറ്റുകൾ തയ്യാറാക്കുന്നത്. 'സ്വാഭിമാൻ ' എന്ന് പേരിട്ടിരിക്കുന്ന
ഇരുമുടിക്കെട്ടിലുള്ളത് സ്വയംപര്യാപ്തത കൂടിയാണ്. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽനിന്നുള്ളവരാണ് ഇവർ. 18 മുതൽ 40 വയസുവരെയുള്ളവർ സംഘത്തിലുണ്ട്.
പരിസ്ഥിതിസൗഹൃദം
സ്വാഭിമാൻ കിറ്രിൽ പൂജാ സാമഗ്രികളും സഞ്ചികളുമുൾപ്പെടെയുണ്ട്. അവൽ, മലർ, മുന്തിരി, കൽക്കണ്ടം, വെല്ലം, മഞ്ഞൾപ്പൊടി, കർപ്പൂരം, ചന്ദനത്തിരി, ഭസ്മം, കുങ്കുമം, കോർക്ക്, കളഭം, ചരട്, പുതപ്പ്, ഇരുമുടി, തോൾസഞ്ചി, കുട്ടിസഞ്ചികളെല്ലാം ഇവർ തന്നെ തയ്യാറാക്കും. നൂറുശതമാനം പ്ലാസ്റ്റിക് മുക്തമാണ് കിറ്ര്.
ഇതിനകം ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ 700 ഓർഡറുകൾ പൂർത്തിയാക്കി.
വൈവിദ്ധ്യം
ഉത്പന്നങ്ങൾ
പേപ്പർ ബാഗുകൾ, കരകൗശല വസ്തുക്കൾ, ക്ലീനിംഗ് ഉത്പന്നങ്ങൾ, മെഴുകുതിരികൾ, ആഭരണങ്ങൾ എന്നിവയും ഇവർ നിർമ്മിക്കുന്നു. മസ്‌കറ്റിലെ ഹെൽവ ടൈലറിംഗ് യൂണിറ്റിലേക്കും കാസർഗോട് ബേക്കലിലെ താജ് റിസോർട്ടിലേക്കും പേപ്പർ ബാഗുകൾ നൽകുന്നു. പ്രചോദന മലയാളി സമാജം മസ്‌കറ്റിന്റെ ഓണാഘോഷത്തിന് ഇവർ നിർമ്മിച്ച മെമെന്റോകളും ഉപയോഗിച്ചു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റുഡ്‌സെറ്റ് ഇൻസ്റ്റിറ്ര്യൂട്ടാണ് ഇവർക്കുള്ള സാങ്കേതിക പരിശീലനം നൽകുന്നത്. അക്കര ഫൗണ്ടേഷൻ, ബെറ്റർലൈഫ് ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സ്ഥാപനങ്ങളും ഒപ്പമുണ്ട്.
ലാഭമല്ല, ജീവിതം...
സ്‌പെഷ്യൽ ടീച്ചർ ട്രെയിനിംഗ് സെന്ററിലെ ലൈബ്രേറിയനായ ഉണ്ണികൃഷ്ണൻ പുത്തൂരിന്റെ ആശയമാണ് ഇൻസ്പയർ. സ്വന്തം ഇല്ലത്ത് സ്വപ്നം യാഥാർത്ഥ്യമാക്കി. ഡയറക്ടർ ബോർഡിൽ പാരാ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ ലതിക പി.വി, ഭിന്നശേഷിക്കാരായ ബഷീർ പാണപ്പുഴ, സെറീന ബാനു, സ്‌പെഷ്യൽ എഡ്യൂക്കേറ്ററായ രേവതി എന്നിവരും ടീമിന്റെ ഭാഗമാണ്.
'പണമുണ്ടായിരുന്നില്ല, എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു. പക്ഷേ, കൂടെ നിൽക്കാനാളുണ്ടായി.
വായ്പയെടുത്താണ് യന്ത്രങ്ങൾ വാങ്ങിയത്. അടുത്തിടെ ഒന്നരയേക്കറിൽ ടിഷ്യൂകൾച്ചർ വാഴകൃഷി നടത്തി. 1200 നേന്ത്രവാഴകൾ വിളയിച്ചെടുത്തു.
സഹതാപമല്ല, സഹകരണമാണ് വേണ്ടത്"
-ഉണ്ണികൃഷ്ണൻ
ഇൻസ്പയർ ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |