'മരിച്ചുപോയ മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ': ട്വിഷ ശർമ കേസിൽ പരാമർശവുമായി മധ്യപ്രദേശ് സർക്കാർ

Monday 25 May 2026 2:39 PM IST

ന്യൂഡൽഹി: നടിയും മോഡലുമായിരുന്ന ട്വിഷ ശർമയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിൽ സുപ്രധാന പരാമർശവുമായി മധ്യപ്രദേശ് സർക്കാർ. ഈ സംഭവം എല്ലാ മാതാപിതാക്കൾക്കും ഒരു പാഠമാണെന്നും മരിച്ച നിലയിൽ ഒരു മകളെ ലഭിക്കുന്നതിനേക്കാൾ ഭേദം വിവാഹമോചിതയായ മകൾ കൂടെയുണ്ടാകുന്നതാണെന്നും മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കവെയാണ് പരാമർശം. കേസന്വേഷണം ഉടൻ തന്നെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ) ഏറ്റെടുക്കുമെന്ന് കോടതി വ്യക്തമായി. കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള അടിയന്തര നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ കേസന്വേഷണം സിബിഐക്ക് കൈമാറാൻ ശുപാർശ ചെയ്ത് മധ്യപ്രദേശ് സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.

കേസിൽ സംസ്ഥാന ഏജൻസികളിലോ സിബിഐയിലോ തങ്ങൾക്ക് യാതൊരു സംശയവുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ കേസിനെക്കുറിച്ച് പല രീതിയിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും നിർഭാഗ്യകരമായ ഈ സംഭവത്തിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഇരയുടെ കുടുംബാംഗങ്ങളോ എതിർകക്ഷികളോ മാദ്ധ്യമങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇരയുടെ കുടുംബത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് അന്വേഷണ ഏജൻസിക്ക് മുന്നിൽ രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു. കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവുകൾ.

നോയിഡ സ്വദേശിയും 33 കാരിയുമായ ട്വിഷ ശർമയെ മേയ് 12 ന് ഭോപ്പാലിലെ കതാരാ ഹിൽസ് പ്രദേശത്തുള്ള ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർത്ഥ് സിംഗ്, മുൻ ജില്ലാ ജഡ്ജിയായ മാതാവ് ഗിരിബാല സിംഗ് എന്നിവർക്കെതിരെ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.