മോഡലിന്റെ മരണം; ഭർതൃമാതാവും മുൻ ജഡ്‌ജിയുമായ ഗിരിബാല സിംഗ് അറസ്റ്റിൽ, ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ

Friday 29 May 2026 9:49 AM IST

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമയുടെ ആത്മഹത്യയിൽ ഭർതൃമാതാവും മുൻ ജഡ്‌ജിയുമായ ഗിരിബാല സിംഗിനെ സിബിഐ അറസ്റ്റ് ചെയ്‌തു. ഇന്നലെ സിബിഐ ഉദ്യോഗസ്ഥർ ഗിരിബാലയുടെ വീട്ടിലെത്തി മണിക്കൂറുകളോളം അവരെ ചോദ്യംചെയ്‌തിരുന്നു. പിന്നാലെയാണ് നടപടി.

ഇന്നലെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. വീടിന്റെ ടെറസിലാണ് ട്വിഷയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സ്ഥലം സമീപത്തെ വീടുകളിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കുമോ എന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാകുമോ എന്നും ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ സ്‌ത്രീധന പീഡനം, ഗാർഹിക പീഡനം, സ്‌ത്രീധന പീഡന മരണം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഗിരിബാലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. സെക്ഷൻ 80(2), സെക്ഷൻ 85, സെക്ഷൻ 3 (5), സ്‌ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3, 4 എന്നീ ഗുരുതര വകുപ്പുകൾ അവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശ് ഹൈക്കോടതി അവരുടെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ട്വിഷയുടെ മൃതദേഹത്തിൽ ഏഴ് മുറിവുകളുള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം അനുഭവിക്കുന്നു എന്നതരത്തിലുള്ള വാട്‌സാപ്പ് ചാറ്റുകളും ട്വിഷയുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഇതെല്ലാം കണക്കിലെടുത്താണ് ഗിരിബാല സിംഗിന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയത്. ഗിരിബാല സിംഗിനും മകൻ സമർത് സിംഗിനും എതിരായിരുന്നു ട്വിഷയുടെ കുടുംബവും. കഴിഞ്ഞ ആഴ്‌ചയാണ് പത്ത് ദിവസം ഒളിവിൽ കഴിഞ്ഞ ശേഷം ട്വിഷയുടെ ഭർത്താവ് സമർത് കോടതിയിൽ കീഴടങ്ങിയത്.