വീട്ടിൽ സൂക്ഷിച്ചിരുന്ന 4000 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി

Tuesday 26 May 2026 2:01 AM IST

ഉദിയൻകുളങ്ങര: സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന 4000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി.

ഞായറാഴ്ച രാത്രി ബാലരാമപുരം ഉച്ചക്കട ഭാഗത്ത് നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ചും എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നടത്തിയ വാഹന പരിശോധനയിൽ ബീമാപള്ളി സ്വദേശി അമീനെ (42 ) പിടികൂടിയിരുന്നു. സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 100 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കാൻ പുഞ്ചക്കരിയിൽ വീട് എടുത്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് സിമന്റ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 4000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )​രമേഷ് കുമാർ,എക്‌സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )​ ബിജുരാജ്,​പ്രിവന്റീവ് ഓഫീസർ ഷാജു.പി ബി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് എസ്.എസ്, ലാൽ കൃഷ്ണ യു.കെ,വിനോദ് കുമാർ.എം,പ്രസന്നൻ.ബി,അൽത്താഫ് മുഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.