ഫ്ലാറ്റിൽ പൂട്ടിയിട്ട് കോടാലി കൊണ്ട് മർദ്ദിച്ചു, മുറിവുകളിൽ മുളകുവെള്ളം ഒഴിച്ചു, യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: ഫ്ലാറ്റിലെ മുറിയിൽ മൂന്നുദിവസം പൂട്ടിയിട്ട് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും 2021ൽ നടന്ന കരമന വൈശാഖ് കൊലക്കേസിലെ രണ്ടാം പ്രതിയുമായ മലയിൻകീഴ് അരുവിപ്പാറ തെക്കെവിള വീട്ടിൽ സുജിത്ത് (32),കൊലക്കേസിലെ ആറാം പ്രതി മലയിൻകീഴ് വിറകുവെട്ടിക്കോണം ആതിര നിലയത്തിൽ അഭിലാഷ് (39),അഭിലാഷിനൊപ്പം താമസിക്കുന്ന കായംകുളം വള്ളിക്കുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്. ഇവർ മൂന്നുപേരും സുഹൃത്തുക്കളാണ്.
വെമ്പായം പുത്തൻവിള സ്വദേശി ശരത്തിനെയാണ് (37) പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ ജയിലിലാകാൻ കാരണം ഇയാളാണെന്ന് കരുതിയാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. ശരത്തും പ്രതികളും തമ്മിൽ മുൻ പരിചയമുണ്ട്. മലയിൻകീഴിൽ പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശരത്തിനെ പ്രതികൾ ആദ്യം വിളിച്ചുവരുത്തിയത്. മർദ്ദിച്ചവശനാക്കിയ ശേഷം പിന്നീട് മൂവരും ചേർന്ന് മണ്ണന്തല ചെമ്പൂരുള്ള മറ്റൊരു ഫ്ലാറ്റിലേക്ക് ശരത്തിനെ എത്തിച്ചു. അവിടെയും പൂട്ടിയിട്ട് മർദ്ദിച്ചു. ബോധരഹിതനായ ശരത്ത് മരിച്ചെന്ന് കരുതി ഫ്ലാറ്റിൽ ഉപേക്ഷിച്ച് മൂവരും രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഉച്ചയോടെ ബോധം തെളിഞ്ഞപ്പോൾ ഇയാൾ ഫ്ലാറ്റിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാരാണ് മണ്ണന്തല പൊലീസിനെ അറിയിച്ചത്.
പ്രതികൾ കോടാലിയുടെ പിൻഭാഗം കൊണ്ട് ദേഹമാസകലം മർദ്ദിക്കുകയും ഇടിവള കൊണ്ട് അതിക്രൂരമായി ഇടിക്കുകയും ചെയ്തെന്നാണ് ശരത്തിന്റെ മൊഴി. മുറിവുകളിൽ സരിത മുളകുവെള്ളം ഒഴിച്ചു. ബോധം വീണപ്പോൾ മർദ്ദനം തുടർന്നു. മർദ്ദനത്തിനിടെ പ്രതികൾ നിർബന്ധിച്ച് ചില രേഖകളിൽ ഒപ്പിടിക്കുകയും ചെയ്തെന്നും തന്റെ സ്കൂട്ടർ ഉൾപ്പെടെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ശരത്തിന്റെ പരാതിയിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. മണ്ണന്തല സ്റ്റേഷനിൽ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.