ഫോൺ ഹാക്ക് ചെയ്ത് 2.95 ലക്ഷം രൂപ തട്ടി

Saturday 30 May 2026 2:57 AM IST

കൊച്ചി: മൊബൈൽഫോണിൽ വന്ന കോൾ അറ്റൻഡ് ചെയ്തയാൾക്ക് ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപ. കുണ്ടന്നൂർ മുട്ടത്ത് വീട്ടിൽ മാർട്ടിനാണ് (56) സൈബർതട്ടിപ്പിന് ഇരയായത്. 21നാണ് മാർട്ടിന്റെ മൊബൈൽഫോണിൽ പരിചയമില്ലാത്ത നമ്പരിൽ നിന്ന് വിളിവന്നത്. എടുത്ത ഉടനെ കോൾ കട്ടായി. മിനിറ്റുകൾക്കകം മാർട്ടിന്റെ ബാങ്ക് ഒഫ് ഇന്ത്യ അക്കൗണ്ടിൽനിന്ന് 2.95ലക്ഷംരൂപ പിൻവലിച്ചതായി ഫോണിൽ സന്ദേശം വന്നു. ഉടൻ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പണം പിൻവിലച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

അന്വേഷണത്തിൽ ഓൺലൈൻ വഴിയാണ് പണമിടപാട് നടന്നതെന്നും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാർട്ടിന്റെ ഫോൺ നമ്പരിലേക്ക് ബാങ്ക് ഒഫ് ഇന്ത്യയുടെ ഒ.ടി.പി എത്തിയതായും കണ്ടെത്തി. ഇതോടെയാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥീരീകരിച്ചത്. ഹാക്ക്ചെയ്തവർ മാർട്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ കൈക്കലാക്കി ഒ.ടി.പി ഉപയോഗിച്ച് പണം പിൻവലിക്കുകയായിരുന്നു.

നാഷണൽ സൈബർക്രൈെം റിപ്പോർ‌ട്ടിംഗ് പോർട്ടലിൽ 24 മണിക്കൂറിനകം പരാതിപ്പെട്ടെങ്കിലും പണമിടപാട് മരവിപ്പിക്കാൻ സാധിച്ചില്ല. മാർട്ടിന്റെ അക്കൗണ്ടിൽനിന്ന് രണ്ട് ക്രെഡിറ്റ് കാർ‌ഡ് അക്കൗണ്ടുകളിലേക്ക് പണം പോയതാണ് കാരണം. ഈ ക്രെഡിറ്റ്കാർ‌ഡിലെ നെഗറ്റീവ് അക്കൗണ്ടിലേക്ക് പണം വകവച്ചതിനാൽ ഹോൾഡ് ചെയ്യാൻ പണംബാക്കിയുണ്ടായിരുന്നില്ല. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണംപോയിരുന്നതെങ്കിൽ അക്കൗണ്ട് മരവിപ്പിക്കാനും പണം വീണ്ടെടുക്കാനും സാധിക്കുമായിരുന്നു.

സ്വകാര്യബസ് ജീവനക്കാരനായ മാർട്ടിൻ കാർവാങ്ങാൻ വായ്പയെടുത്ത പണമാണ് സൈബർതട്ടിപ്പ് സംഘം അടിച്ചുമാറ്റിയത്. തികച്ചും ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. സൈബ‌ർ കുറ്റകൃത്യത്തിൽ സീറോക്ലിക്ക് എന്നാണ് ഇതറിയപ്പെടുന്നത്. ഫോൺകോൾ അറ്റൻഡ് ചെയ്യുന്നയാളുടെ എസ്.എം.എസ്, കോളുകൾ, ഫോട്ടോകൾ, ഡാറ്റ ഉൾപ്പെടെയാണ് ഹാക്ക് ചെയ്യപ്പെടുന്നത്. മിസ്ഡ്കോൾ വഴിയും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്.