ഏഴ് വയസുകാരി പൊള്ളലേറ്റ് മരിച്ച കേസ്: പ്രതികളെ വെറുതെവിട്ടു
എറണാകുളം: വീട്ടുജോലിക്കെത്തിച്ച തമിഴ്നാട് സ്വദേശിനിയായ ഏഴു വയസുകാരി പൊള്ളലേറ്റ് മരിച്ച കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ട് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ഉത്തരവ്. ഒന്നാം പ്രതി ആലുവ അശോകപുരം അനന്താശ്രമം വീട്ടിൽ സിന്ധു നായർ (52), ഭർത്താവ് ഹൈക്കോടതി അഭിഭാഷകൻ ജോസ് കുര്യൻ (51), കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് കടലൂർ കടപ്പാക്കുറിച്ചി സ്വദേശി നാഗപ്പൻ (61) എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി ജഡ്ജി മഹേഷ് ജി. വിട്ടയച്ചത്.
മറ്റൊരു ഏജന്റ് ചേരാനല്ലൂർ വലിയവീട്ടിൽ ഷൈല നാസറിനെ (50) കുറ്റക്കാരിയല്ലെന്ന് കണ്ട് സെഷൻസ് കോടതി പ്രതിപ്പട്ടികയിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. അശോകപുരത്തെ ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിച്ച ധനലക്ഷ്മിയെന്ന കുട്ടിയാണ് കടുത്ത ശാരീരിക പീഡനത്തിനിരയായി പൊള്ളലേറ്റു മരിച്ചത്. 2011 ഫെബ്രുവരി 24നാണ് സംഭവം. കേസ് അന്വേഷിച്ചത് അന്നത്തെ ആലുവ ഇൻസ്പെക്ടറായിരുന്ന കെ.ബി. പ്രഫുല്ലചന്ദ്രനാണ്.