'പ്രിയപ്പെട്ട മുഖ്യമന്ത്രി...എന്തൊരു മികച്ച നടപടിയാണിത്? പ്രഖ്യാപനത്തിന് നന്ദി'; മദ്യശാലകൾ പൂട്ടിച്ച വിജയ്യ്ക്ക് അഭിനന്ദനപ്രവാഹം

Tuesday 12 May 2026 2:57 PM IST

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെ സ്‌കൂളുകൾക്ക് സമീപമുള്ള മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട സി ജോസഫ് വിജയ്‌ക്ക് പ്രശംസയുമായി നടൻ വിശാൽ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിശാൽ തന്റെ അഭിനന്ദനങ്ങളറിയിച്ചത്. കോളേജ് കാലം മുതൽതന്നെ വിജയുമായി അടുത്ത ബന്ധം പിന്തുടരുന്ന സുഹൃത്താണ് വിശാൽ.

സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാന്റുകൾ എന്നിവയുടെ 500 മീറ്ററിനുള്ളിലെ 717 മദ്യശാലകൾ അടച്ചുപൂട്ടുമെന്നാണ് വിജയ് ഉത്തരവിട്ടത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചത്.

'നിങ്ങൾക്കായാണ് അഭിനന്ദനങ്ങളും വിസിലുകളും ഉയരുന്നത്. പ്രിയപ്പെട്ട മുഖ്യമന്ത്രി ജോസഫ് വിജയ്, 717 വൈൻ ഷോപ്പുകൾ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള പ്രഖ്യാപനത്തിന് നന്ദി. എന്ത് മികച്ചൊരു നടപടിയാണിത്'- വിജയ്‌ക്ക് പ്രശംസകളറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തിനൊപ്പം വിശാൽ കുറിച്ചു. സ്കൂളുകൾക്ക് സമീപമുള്ള ടാസ്മാക് സ്റ്റോറുകൾ കാരണം നിരവധി പെൺകുട്ടികൾ ദുരനുഭവം നേരിടുന്നുണ്ടെന്നും വിശാൽ പറഞ്ഞു. വിജയ്‌ക്കും അദ്ദേഹത്തിന്റെ സർക്കാരിനും സല്യൂട്ട് നൽകുന്നതായും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഒരാഴ്ചയോളം നീണ്ടുനിന്ന നാടകീയതയ്ക്ക് ശേഷം, ടിവികെയുടെ നേതാവായ വിജയ് ഒടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. സംസ്ഥാനത്തെ 234 സീറ്റുകളിൽ 108 സീറ്റുകൾ നേടിയെടുത്തുകൊണ്ടാണ് ടിവികെ ചരിത്രമെഴുതിയത്. എന്നാൽ ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായതിനാൽ വിജയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. കോൺഗ്രസ്, രണ്ട് ഇടതുപക്ഷ പാർട്ടികൾ, ചെറിയ തമിഴ് പാർട്ടിയായ വിടുതലൈ ചിരുതൈഗൽ കച്ചി എന്നിവയുടെ പിന്തുണയോടെയാണ് ഒടുവിൽ ടിവികെ അധികാരത്തിലെത്തിയത്.