'ആ മോഹൻലാൽ ചിത്രത്തിലെ സംവിധായകനെ കാണാതായി, പേടിച്ച് ഫോണും എടുക്കുന്നില്ല'
പുതുതലമുറ സംവിധായകരുടെ സിനിമ ചെയ്യുന്ന നടനാണ് മോഹൻലാൽ. എന്നാൽ നവാഗത സംവിധായകർക്കൊപ്പം ചിത്രം ചെയ്യുമ്പോൾ ഉണ്ടായ ഒരു കാര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ദൃശ്യം 3 റിലീസിന് മുന്നോടിയായി മോഹൻലാൽ ആരാധകരുമായി എക്സ് സ്‌പേസിൽ നടത്തിയ ചർച്ചയിലാണ് ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ.
ആശിർവാദിന്റെ അടുത്ത സിനിമ ഏതെന്ന ചോദ്യത്തിന് ആന്റണി മറുപടി പറഞ്ഞപ്പോൾ ഒരു ആരാധകൻ പുതുമുഖ സംവിധായകരാണെങ്കിൽ തങ്ങൾ ഒന്നുകൂടി സാറ്റിസെെഫ്ഡ് ആണെന്ന് പറഞ്ഞു. ഇതിന് മറുപടിയായാണ് സമീപകാലത്ത് നടന്ന കാര്യം ആന്റണി വ്യക്തമാക്കിയത്. പുതുമുഖ സംവിധായകൻ ഓസ്റ്റിൻ ഡാൻ തോമസിനൊപ്പമായിരുന്നു മോഹൻലാലിന്റെ പുതിയ ചിത്രം.
ആഷിഖ് ഉസ്മാൻ ആയിരുന്നു ഇതിന്റെ നിർമാതാവ്. എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് ഓസ്റ്റിൻ ഡാൻ തോമസ് ഇതിൽ നിന്ന് പിന്മാറി. ഇതേ പ്രോജക്റ്റ് ആണ് 'അതിമനോഹരം' എന്ന പേരിൽ തരുൺ മൂർത്തി ഇപ്പോൾ സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പടമില്ലേ, അത് ഒരു പുതുമുഖ സംവിധായകനായിരുന്നു ചെയ്യാൻ ഇരുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് അവനെ കാണാതായി. അപ്പോൾ നമുക്ക് ഈ പരീക്ഷണത്തിന് പോവാൻ പേടിയാണ്. അവൻ പേടിച്ചിട്ട് പിന്നെ ഫോൺ എടുത്തില്ല. ആൾ പോയി. അവർ പാനിക് ആയിപ്പോയി. അവരെ പറഞ്ഞിട്ട് കാര്യമില്ല. അപ്പോൾ അങ്ങനെയുള്ള ആൾക്കാരുടെ കൂടെ പോവാൻ പേടിയുണ്ട്.'- ആന്റണി പെരുമ്പാവൂർ പറഞ്ഞു.