ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന് , ക്ലാഷിന് പൃഥ്വിയും ദുൽഖറും
ആരാധകരെ ആവേശഭരിതരാക്കി ഓണം റിലീസായി പൃഥ്വിരാജിന്റെ ഖലീഫയും ദുൽഖർ സൽമാന്റെ ഐ ആം ഗെയിമും ആഗസ്റ്റ് 20ന് പ്രദർശനത്തിന് എത്തും. ഏതു ചിത്രം ആയിരിക്കും വിന്നർ എന്നാണ് മലയാള ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഇരുതാരങ്ങളും എത്തുന്നതാണ് രണ്ടു ചിത്രങ്ങളുടെയും പ്രത്യേകത. ഇടവേളക്കുശേഷമാണ് ദുൽഖർ സൽമാൻ നായകനാവുന്ന മലയാള ചിത്രം റിലീസിന് എത്തുന്നത്. ആർ ഡി എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിൽ സംയുക്ത വിശ്വനാഥൻ ആണ് നായിക. ആന്റണി വർഗീസ്, കയാദു ലോഹർ, മിഷ്കിൻ,കതിർ, പാർത്ഥ് തിവാരി, തുടങ്ങി നീണ്ട താരനിരയുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണ ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് . ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം അൻപറിവ് . മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് ഖലീഫയിൽ പൃഥ്വിരാജ് എത്തുന്നത്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. ജിനു എബ്രഹാം രചന നിർവഹിക്കുന്ന ഖലീഫ സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ബിഗ് ബഡ്ജറ്റ് എന്റർടെയ്നറാണ് . മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും . പോക്കിരി രാജ’യ്ക്കു ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫയുടെ ചിത്രീകരണം ലണ്ടനിൽ ആണ് തുടക്കം കുറിച്ചത്. ജിനു ഇന്നോവേഷന്റ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ ചിത്രങ്ങൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ.