സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ ധനുഷ്
സംവിധാനം: പി.എസ്. മിത്രൻ
ബോളിവുഡിലെ പ്രശസ്ത ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ചിത്രത്തിൽ ധനുഷ് നായകൻ. ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുരാണ ചിത്രം ആയിരിക്കും. ശിവകാർത്തികേയന്റെ ഹീറോ, കാർത്തിയുടെ സർദാർ എന്നീ ചിത്രങ്ങൾ ഒരുക്കിയ പി.എസ് മിത്രൻ ആണ് സംവിധാനം. മിത്രന്റെ ഹിന്ദി അരങ്ങേറ്റം ആണ്. ബൻസാലിയും ധനുഷുമായി ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. പാൻ ഇന്ത്യൻ സിനിമാറ്റിക് സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയുണ്ട്. രാംചരൺ തുടക്കത്തിൽ താരനിരയിലുണ്ടായിരുന്നു. എന്നാൽ പിന്നീട് രാംചരണിന് പകരം ധനുഷിനെ കാസ്റ്റ് ചെയ്യുകയായിരുന്നു.
സഞ്ജയ് ലീല ബൻസാലിയും ധനുഷും കൈകോർക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. ഒൗദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കുകയാണ് സിനിമാലോകം.അതേസമയം
ധനുഷും കൃതി സനോണും സംവിധായകൻ ആനന്ദ് എൽ. റായ്‌യും വീണ്ടും ഒരുമിക്കുന്നു. ബ്ളോക് ബസ്റ്ററായ തേരെ ഇഷ്‌ക് മേം എന്ന ചിത്രത്തിനുശേഷം ഇവർ ഒന്നിക്കുന്ന ചിത്രവും പ്രണയ സിനിമയാണ്. ധനുഷ് വീണ്ടും ബോളിവുഡിൽ എത്തുന്നു എന്നതാണ് പ്രത്യേകത. ധനുഷും ആനന്ദ് എൽ. റായ്‌യും ഒരുമിക്കുന്നത് ഇത് നാലാം തവണയാണ്. 2013ൽ രാഞ‌്‌ഝണ എന്ന ചിത്രത്തിലും 2021ൽ അത് രംഗി രേ എന്നീ ചിത്രങ്ങൾക്കു വേണ്ടി ഇരുവരും ഒരുമിച്ചു.അതേസമയം റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന തേരേ ഇഷ്ക് മേം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി. ആദ്യ ദിവസം തന്നെ ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് 16 കോടി നെറ്റ് കളക്ഷൻ നേടി. ശങ്കർ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിച്ചത്.