'അൻസിബയുമായി നിലനിൽക്കുന്നത് വ്യക്തിപരമായ പ്രശ്‌നം, 'അമ്മ' ഇടപെടേണ്ട കാര്യമില്ല'- ലക്ഷ്‌മിപ്രിയ
നടി അൻസിബ ഹസനുമായി നിലനിൽക്കുന്ന പ്രശ്‌നത്തിൽ കൂടുതൽ വിശദീകരണവുമായി ലക്ഷ്‌മിപ്രിയ രംഗത്ത്. അൻസിബയുമായുണ്ടായത് വ്യക്തിപരമായ പ്രശ്‌നമാണെന്നും അതിൽ താരസംഘടനയായ അമ്മ ഇടപെടേണ്ടതില്ലെന്ന് ചിന്തിക്കാനുള്ള വിവേകബുദ്ധി തനിക്കുണ്ടെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞു. തന്റെ മൊബൈലിലേക്ക് അൻസിബ അയച്ച മെസേജിനെ തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകളാണ് പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നും പിന്നീട് നടന്ന സംഭവങ്ങൾക്കെല്ലാം തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞു. പ്രശ്‌നം പറഞ്ഞുതീർക്കാനായി പലതവണ അൻസിബയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടി ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും ലക്ഷ്‌മിപ്രിയ കൂട്ടിച്ചേർത്തു.
'പൊലീസിനെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ നമ്മുടെ പക്കലുള്ള തെളിവുകളെല്ലാം നൽകും. ഇവർ പല രീതിയിലും തെളിവുകൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതിയുമായി പോകുന്നതിന് മുൻപ് അവിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണോയെന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അന്വേഷിച്ചതിന് ശേഷമുള്ള ഒരു ആസൂത്രിത നീക്കമായിരുന്നല്ലോ ഇത്. അങ്ങനെയാണ് കേസ് കൊടുത്തത്. അതുകൊണ്ടുതന്നെ ഞങ്ങൾ അവിടെ എത്രസമയം ചെലവഴിച്ചെന്നതുൾപ്പടെ സംഭവിച്ച കാര്യങ്ങളുടെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ എന്റെ പക്കലുണ്ട്. അത് മുഴുവനായും ഞാനിന്ന് പൊലീസിന് കൈമാറും'- ലക്ഷ്‌മിപ്രിയ പറഞ്ഞു.
മൂന്നുമണിക്കോറോളം തന്നെ സ്റ്റേഷനിലിരുത്തിയെന്ന അൻസിബയുടെ ആരോപണത്തെ ലക്ഷ്‌മിപ്രിയ തള്ളിക്കളഞ്ഞു. തന്റെ ഓർമയിൽ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്റും മാത്രമാണ് അൻസിബയെ സ്റ്റേഷനിലിരുത്തിയതെന്നും അത് തെളിയിക്കുന്നതിനുള്ള തെളിവുകൾ തന്റെ പക്കൽ ഉള്ളതിനാലാണ് ഇത്ര കൃത്യമായി പറയുന്നതെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞു.
'നമ്മൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളാണെന്ന് വിചാരിക്കുക. നമ്മൾ സംഘടനയ്‌ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോൾ അതിൽ സംഘടനയ്‌ക്ക് എന്താണ് ബാദ്ധ്യത? അത് സംഘടനയാണോ അന്വേഷിക്കേണ്ടത്? നമ്മൾ അത് നിയമപരമായി തന്നെയാണ് നേരിടേണ്ടത്. അല്ലാതെ ഇതിൽ ഒരു സംഘടനയും ഇടപെടേണ്ട കാര്യമില്ല'-ലക്ഷ്‌മിപ്രിയ വ്യക്തമാക്കി.