രണ്ട് ലക്ഷത്തോളം രൂപ ശമ്പളം; യുവാക്കൾക്ക് സുവർണാവസരം, ഓൺലൈൻ പരീക്ഷയിലൂടെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാകാം

Monday 18 May 2026 3:07 PM IST

കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള ഏറ്റവും വലിയ കൽക്കരി ഉൽപ്പാദന കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ കോൾ ഇന്ത്യ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി ഒഴിവ്. എഞ്ചിനീയറിംഗ്, ഐടി മേഖലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ ജൂൺ 11ന് മുമ്പ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കമ്പ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ട്രെയിനിംഗ് സമയത്ത് 60,000 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. ശേഷം 1,80,000 രൂപ വരെയാണ് ലഭിക്കുക. കൂടാതെ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. ആകെ 660 ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് - 221, സിവിൽ എഞ്ചിനീയറിംഗ് - 178, മെക്കാനിക്കൽ എഞ്ചിനീയറിംഗ് - 145, സിസ്റ്റംസ്/ഐടി - 43, ഇലക്‌ട്രിക്കൽ ആന്റ് ടെലികമ്മ്യൂണിക്കേഷൻ - 38, ജിയോളജി - 15, ഇൻഡസ്‌ട്രിയൽ എഞ്ചിനീയറിംഗ് - 11, രാജ്‌ഭാഷ (ഹിന്ദി) - 5, കമ്പനി സെക്രട്ടറി - നാല് എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷകർ ബന്ധപ്പെട്ട എ‌ഞ്ചിനീയറിംഗ് വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും. നിലവിൽ അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 30 വയസാണ് പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും പ്രായമിളവ് ലഭിക്കും. ജനറൽ, ഒബിസി, ഇഡബ്യൂസി വിഭാഗക്കാർക്ക് 1,180 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല. ഉദ്യോഗാർത്ഥികൾ കോൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുക.