'ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുൻനിർത്തി പോരാടി താമര വിരിയിച്ച സാരഥികൾ'

Monday 04 May 2026 5:42 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള നിയമസഭയിൽ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണെന്നാണ് സുരേഷ് ഗോപി കുറിച്ചത്. കേരളത്തിൽ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളിൽ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരിൽ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 428 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ വിജയിച്ചത്.നേമം മണ്ഡലത്തിൽ 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജയിച്ചത്. 4,002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ആർ രാജേന്ദ്രനെ ബിജെപിയുടെ ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള നിയമസഭയിൽ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുൻനിർത്തി പോരാടി താമര വിരിയിച്ച നമ്മുടെ പ്രിയപ്പെട്ട സാരഥികളെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.

​കഴക്കൂട്ടത്തിന്റെ മണ്ണിൽ ഐതിഹാസിക വിജയം നേടിയ വി. മുരളീധരൻ, ചാത്തന്നൂരിൽ ജനവിശ്വാസം കാത്തുസൂക്ഷിച്ച ബി. ബി. ഗോപകുമാർ, നേമത്ത് കാവിപ്പടയുടെ കരുത്ത് വീണ്ടും തെളിയിച്ച രാജീവ് ചന്ദ്രശേഖർ - കേരള നിയമസഭയിൽ നിങ്ങൾ ഓരോരുത്തരും ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

​നമ്മൾ നൽകിയ ഉറപ്പുകൾ പാലിക്കാനും, അഴിമതിയില്ലാത്ത വികസനമുരളി ഇവിടെ മുഴക്കാനുമുള്ള സമയമാണിത്. ഒരുമിച്ച്, നമുക്ക് പുതിയൊരു കേരളത്തിനായി മുന്നേറാം. ​വിജയശ്രീലാളിതരായ എല്ലാ പ്രിയ സഹോദരങ്ങൾക്കും എന്റെ സ്നേഹാദരങ്ങൾ!