SignIn
Kerala Kaumudi Online
Monday, 18 May 2026 8.58 PM IST

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിന്റെ കാരണം അറിയില്ല,​ ജനഹിതം മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ഓർത്തഡോക്സ് സഭ

chandy-oommen

തിരുവനന്തപുരം : യു.ഡി.എഫ് സർക്കാരിൽ ചാണ്ടി ഉമ്മൻ മന്ത്രിയാകും എന്ന് പ്രതീക്ഷിച്ചിരുന്നെന്നും ജനഹിതം മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഓർത്തഡ‌ോക്സ് സഭ. ചാണ്ടി ഉമ്മനെ സഭാം​ഗമായി മാത്രം കാണേണ്ടതില്ല. അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ മകനാണ്. വ്യത്യസ്തമായ ശൈലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വൻഭൂരിപക്ഷം നേടിയെടുത്ത യുവനേതാവാണ്. ഏൽപ്പിച്ച ദൗത്യം ചാണ്ടി ഭം​ഗിയായി നിർവഹിച്ചു. മന്ത്രിയാക്കാത്തതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാദ്ധ്യമ വിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.

പൊതുജനങ്ങളും ഇക്കാര്യം ചോദിക്കുന്നുണ്ട്. നേതൃസ്ഥാനത്തേക്ക് വരുന്നവരുടെ യോ​ഗ്യതകൾ
പരി​ഗണിക്കാൻ നേതൃത്വം ശ്രദ്ധിക്കണം. ചാണ്ടി മന്ത്രിയാകും എന്നത് വോട്ട് ചെയ്ത ജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജനഹിതം മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുതായി അധികാരമേറ്റ സംസ്ഥാന സർക്കാരിൽ കൊടുമുടിയേക്കാൾ ഉയരത്തിലുള്ള പ്രതീക്ഷയും പ്രത്യാശയുമാണ് ജനങ്ങൾക്കുള്ളത്. ജനങ്ങളുടെ ആ​ഗ്രഹത്തിനൊത്ത് നീതിയും സത്യവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ സർക്കാരിന് കഴിയണം. മലങ്കരസഭാം​ഗങ്ങൾ മന്ത്രിസഭയിൽ ഇല്ല എന്നതിൽ പരിഭവമില്ല. വിവിധ മതങ്ങളും സഭകളും സമുദായങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരിൽ നിന്നെല്ലാം മന്ത്രിമാരുണ്ടാകണം എന്ന് ആവശ്യപ്പെടാൻ തുടങ്ങിയാൽ 140 പേരെയും മന്ത്രിമാരാക്കേണ്ടി വരുമെന്ന് മെത്രാപ്പോലീത്താ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ കാര്യത്തിലും ജനഹിതമാണ് നടപ്പായത്. കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഇടതിന്റെ കൈയ്യിലിരുന്ന മണ്ഡലങ്ങൾ യുഡിഎഫിന്റെ കൈയ്യിലേക്ക് ജനം തിരികെ നൽകി. എന്നാൽ മന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യത്തിൽ ഒരു മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും മാത്രമാണ് ലഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലെ സീനിയറായ രാഷ്ട്രീയനേതാവ് മന്ത്രി പദവി അർഹിച്ചിരുന്നതായും ഡോ.യൂഹാനോൻ മാർ ​ദീയസ്ക്കോറോസ് പറഞ്ഞു.

സഭാതർക്കത്തിൽ നീതിപീഠത്തിൽ നിന്ന് വന്നിരിക്കുന്ന വിധികൾ പാലിക്കപ്പെടണം. വിധി നടപ്പാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കാത്തതിനാലാണ് പ്രശ്നങ്ങൾ തുടരുന്നത്. ഇരുവിഭാ​ഗത്തിനും ദോഷം വരാത്ത രീതിയിൽ വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ഇരുകൂട്ടരെയും സമന്വയിപ്പിച്ച് കൊണ്ടുപോകുവാൻ പുതിയ സർക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സഭാ മാധ്യമവിഭാ​ഗം തലവൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് ​ഗീവർ​ഗീസ് മാർ കൂറിലോസ്, ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ്, ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാരും സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവരും സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHAMDY OOMMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA