വളപ്പ് നിറഞ്ഞ് പ്രവർത്തകർ: 'ദേവകി'യിൽ നിന്ന് ഇറങ്ങാതെ സതീശൻ
ആലുവ: മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഒരു പകലും സന്ധ്യയും നീണ്ട പിരിമുറുക്കത്തിലും ആകാംക്ഷയിലുമായിരുന്നു വി.ഡി സതീശന്റെ 'ദേവകി" വീട്. ഡൽഹിയിൽ നിന്ന് ശുഭവാർത്ത പ്രതീക്ഷിച്ച് കാത്തുനിന്ന നേതാക്കളും പ്രവർത്തകരും തീരുമാനം ഇന്നത്തേക്ക് മാറ്റിയതറിഞ്ഞ് രാത്രി ഒമ്പതോടെയാണ് ഇവിടെ നിന്നു പിരിഞ്ഞത്. സതീശൻ പുറത്തിറങ്ങുകയോ പ്രവർത്തകരെയോ മാദ്ധ്യമങ്ങളെയോ കാണുകയോ
ചെയ്തില്ല.
ഡൽഹിയിലെ ചർച്ചകൾ മുറുകുന്നതിനിടെ രണ്ടു ദിവസമായി സ്ഥലത്തില്ലാതിരുന്ന സതീശൻ ബുധനാഴ്ച പുലർച്ചെയാണ് ദേശീയപാതയിൽ ദേശം കവലയ്ക്ക് സമീപത്തെ വീട്ടിലെത്തിയത്. രാവിലെ നിയുക്ത എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, വി.ഇ. അബ്ദുൾ ഗഫൂർ, കെ.പി. നൗഷാദലി എന്നിവർ വീട്ടിലെത്തി മടങ്ങി. വൈകിട്ട് കൊച്ചി മേയർ വി.കെ. മിനിമോൾ സതീശനെ സന്ദർശിച്ചു.
ഉച്ച കഴിഞ്ഞ് കൂടുതൽ നേതാക്കളും വനിതകൾ ഉൾപ്പെടെ പ്രവർത്തകരും എത്തിയതോടെ വീടിന്റെ പരിസരം ജനനിബിഡമായി. സമീപ ജില്ലകളിൽ നിന്നും ജനപ്രവാഹമായി. വൈകിട്ട് നാലോടെ സതീശന് അനുകൂലമായി മുദ്രാവാക്യം വിളികളും കോൺഗ്രസ് പതാക വീശലുമായി ഉത്സവപ്രതീതിയായി. വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണം, മറ്റാരെയും അംഗീകരിക്കില്ലെന്നായിരുന്നു പ്രവർത്തകരുടെ പ്രതികരണം.തീരുമാനം വൈകുന്നതിലെ പ്രതിഷേധവും അറിയിച്ചാണ് പ്രവർത്തകർ പിരിഞ്ഞത്.
ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടും ബെന്നി ബഹനാൻ എം.പിയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാത്രി പെരുമ്പാവൂർ മുടിക്കലിലായിരുന്നു സംഭവം. യാത്രയ്ക്കിടെ വഴിയിൽ ഇറങ്ങിയപ്പോൾ ഏതാനും പ്രവർത്തകർ എം.പിയെ തടയുകയായിരുന്നു. മുഖ്യമന്ത്രി തീരുമാനം വൈകാൻ കാരണമെന്താണെന്ന് ചോദിച്ചു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും, ഇക്കാര്യം നേതൃത്വത്തെ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രവർത്തരുടെ ആവശ്യം കേട്ട എം.പി സമാധാനിപ്പിച്ചാണ് മടങ്ങിയത്. തന്നെ തടഞ്ഞുവച്ചില്ലെന്നും പ്രവർത്തകർ വികാരം അറിയിക്കുക മാത്രമാണുണ്ടായതെന്നും ബെന്നി ബഹനാൻ പറഞ്ഞു.
തീരുമാനം വന്നാലുടൻ തുടർ നടപടിക്ക് ലീഗ്
കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം വരുന്ന മുറയ്ക്ക് മന്ത്രിസഭാ രൂപീകരണചർച്ചകൾ ആരംഭിക്കാൻ മുസ്ലിം ലീഗ്. പാണക്കാട് നടന്ന ലീഗ് അടിയന്തര നേതൃയോഗത്തിലാണ് തീരുമാനം. ലീഗ് മന്ത്രിമാർ ആരെന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ വൈകുന്നത് ഭരണ സ്തംഭനത്തിന് കാരണമാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. ഇനി ഭരിക്കാൻ പോവുന്നത് യു.ഡി.എഫാണെന്ന് ഉദ്യോഗസ്ഥർക്കറിയാം. അവർ വേറെ എവിടെയും പോയി ഉത്തരവുകൾ വാങ്ങില്ല. ഉത്തരവാദിത്വപ്പെട്ട കാര്യമായതിനാൽ ഹൈക്കമാൻഡ് കൃത്യമായ സമയമെടുത്ത് തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഡൽഹിയിൽ നിന്ന് ബന്ധപ്പെട്ടിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം ലീഗിന്റെ നിലപാട് പാണക്കാട് സാദിഖലി തങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കും.